
സംസ്ഥാനത്തെ കനത്തമഴയെ തുടര്‍ന്ന് കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലുണ്ടായ കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ പതിനെട്ടുവര്ഷത്തോളമായി അച്ചാംതുരുത്തി ദ്വീപ് നിവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന കോട്ടപ്പുറം-അച്ചാംതുരുത്തി നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി.

നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയില്‍ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം. ഈ മഴക്കാലത്തിന്മുന്പ് തന്നെ പാലം ഏതുസമയത്തും വീഴാനായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. കോൺക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണ് ഈ 400 മീറ്റർ നീളത്തിലുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. താല്‍ക്കാലിക തൂണുകള്‍ സ്ഥാപിച്ച് അതിന്മേല് മരപ്പാലം വെച്ചാണ് നടപ്പാലം ഒരുക്കിയിട്ടുള്ളത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണിത്.
അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് 2000-ൽ നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം നിർമ്മിച്ചത്.
