കാസര്‍കോട്ടുകാരുടെ ഈ ദുരിതത്തിന് കാരണം നിങ്ങളാണ്; നിങ്ങള്‍ ഇത് കാണുന്നുണ്ടോ ആവോ…?

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട്ടുകാരുടെ ഈ ദുരിതത്തിന് കാരണം നിങ്ങളാണ്; നിങ്ങള്‍ ഇത് കാണുന്നുണ്ടോ ആവോ…?

കാസര്‍കോട്: ജില്ലയിലെ ഭരണ സിരാകേന്ദ്രം സ്ഥിതി ചയ്യുന്ന കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ദുരിതം അവസാനിക്കുന്നില്ല. മഴയ്ക്ക് മുമ്പ് ഉപ്പ് വെള്ളം കുടിച്ച് നഗരവാസികള്‍ ദുരിതത്തിലായപ്പോള്‍, മലയോരപ്രദേശത്തെ ജനങ്ങളും കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ ജനങ്ങളും റോഡിന്റെ ശോചനീയാവസ്ഥ കാരണം വര്‍ഷങ്ങളായി ദുരിതത്തിലാണ്. അത് കൊണ്ടാണ് അവര്‍ കേരളം കണ്ട ‘കരച്ചില്‍ സമരം’ നടത്തിയതും ഭരണകര്‍ത്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ചതും. റോഡ് നന്നാക്കാനുള്ള ഭരണാനുമതി കിട്ടിയെങ്കിലും തുടര്‍ നടപടി വേഗത്തിലാക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. അല്ലെങ്കില്‍ മഴയ്ക്ക് മുമ്പ് റോഡ് നന്നാക്കാനുള്ള പരിശ്രമം നടത്തിയില്ല എന്നതാണ് പരമസത്യം. ഇപ്പോഴിതാ, ‘മഴ വന്നു ഇനി മഴ മാറട്ടെ’ എന്ന പറച്ചിലായി ഉദ്യോഗസ്ഥര്‍ക്ക്. എന്നാപ്പിന്നെ മഴയ്ക്ക് മുമ്പേ റോഡ് നന്നാക്കി കൂടായിരുന്നോ എന്ന് ചോദിച്ചാല്‍ പല നൂലാമാലകളും ഉണ്ടാകും ഇവര്‍ക്ക് നിരത്താന്‍. എന്തേ നമ്മുടെ നാട് ഇങ്ങനെ!. കോടികള്‍ മുടക്കി 5-10 വര്‍ഷത്തെ ഗ്യാരന്റിയോട് കൂടി ഒരു മെക്കാഡം റോഡ് നിര്‍മ്മിച്ചാല്‍ അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണ കൂടത്തിനല്ലേ…? റോഡിലെ ചെറിയ കുഴികള്‍ യഥാസമയം നോക്കി കണ്ട് അറ്റകുറ്റ പണി നടത്തേണ്ടവര്‍ ചിലര്‍ക്ക് ഓശാനപാടി മേനി പറഞ്ഞത് കൊണ്ട് പൊതുജനത്തിന് എന്ത് ഗുണം.

നമ്മുടെ ഉദ്യോഗസ്ഥ ഭരണകൂടത്തിന്റെ മാത്രം വീഴ്ച്ചയില്‍ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ഇപ്പോള്‍ കാണാത്തവര്‍ പോയി കാണണം. മഴ വന്ന് കുഴി വലിയ തോടായി മാറിയതും, ചെളി നിറഞ്ഞ് കാല്‍ നടയാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത വിധവും നാടിന് ദുരിതം പോറിയ നമ്മുടെ റോഡിന്റെ അവസ്ഥ. നിവര്‍ത്തികേട് കൊണ്ട് നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും ഓരോരുത്തരും നിങ്ങളെ ശപിക്കുന്നു എന്നത് നിങ്ങള്‍ മറന്ന് പോകുന്നു. റോഡ് ഇങ്ങനെയാവാന്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ ഭരണകൂടങ്ങളാണ് ഇതിന് ഉത്തരവാദികള്‍. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അവരുടെ നേട്ടം മുന്നില്‍ കാണുമ്പോഴും കസേരയില്‍ എന്നും ഉണ്ടാകുന്ന ഉദ്യോഗസ്ഥരായ നിങ്ങളുടെ സേവനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ നാടിന്റെ പുരോഗതിക്ക് മുന്നിട്ട് നില്‍ക്കേണ്ടത് എന്നതും മറന്നു പോകുന്നു ചില ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരായ ചില ഏമാന്മാര്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് കിമ്പളം വാങ്ങി കീശ വീര്‍പ്പിച്ച് റോഡ് പണിയിലും മറ്റും കാട്ടികൂട്ടുന്ന കൃത്രിമം സ്വന്തം നാടിനെ ഒറ്റി കൊടുക്കുന്നതിന് സമാനമാണ്. ആ പണം കൊണ്ട് നിങ്ങളുടെ കുടുംബത്തെ തീറ്റിപ്പോറ്റുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഓര്‍ക്കണം അതേ കുടുംബം ഒരുനാള്‍ നിങ്ങളെ തിരിഞ്ഞ് കൊത്തും എന്ന കാര്യം. കാരണം നിങ്ങളുടെ വീഴ്ച്ച കാരണം ദുരിതത്തിലായ പൊതുസമൂഹം നിങ്ങളെ പ്രാകുന്നുണ്ടല്ലോ അത് തന്നെ!.

0Shares