
കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗലൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി ബസില്‍ സിനിമാ സ്റ്റൈല്‍ കൊള്ള. വ്യാഴാഴ്ച പുലര്‍ച്ചെ 2.45 ഓടെ ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്കു സമീപമായിരുന്നു സംഭവം. ബുദനാഴ്ച വൈകുന്നേരം ആറു മണിക്ക് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് കവര്‍ച്ച. ഒഴിഞ്ഞ സ്ഥലത്ത് വച്ച് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോളാണ് സംഭവം. ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറുകയായിരുന്നു. എല്ലാവരും തന്നെ ഉറക്കത്തിലായ സമയത്തായിരുന്നു സംഘമെത്തിയത്. തുടര്‍ന്ന് യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പണം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചെടുത്തു. രണ്ടു സ്ത്രീകളുടെ സ്വര്‍ണമാല കൊള്ള സംഘം കവര്‍ന്നെങ്കിലും ഒരുമാല ബസില്‍ ഉപേക്ഷിച്ചിരുന്നു. വൈത്തിരി സ്വദേശിനിയായ സ്ത്രീയുടെ ആഭരണമാണ് നഷ്ടപ്പെട്ടത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബഹളം കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കവര്‍ച്ചക്കാര്‍ ഇറങ്ങിയോടി
തുടര്‍ന്ന് ഡ്രൈവര്‍ ബസ് ചന്നപട്ടണ പോലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റ് ബസുകളില്‍ ബംഗലൂരുവിലെത്തിച്ചു. ബംഗലൂരു മാണ്ഡ്യ പാതയില്‍ പലപ്പോഴും ബസിനുനേരെ ആക്രമണമുണ്ടാവാറുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ സ്വകാര്യ ബസ് ലോബിയെ സംശയമുണ്ടെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഈ സംഭവങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും ശക്തമായ അന്വേഷണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേ സമയം സംഭവത്തെ കുറിച്ച് കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.