
കാസര്‍കോട് ജില്ലയിലെ ചാലിങ്കാൽ ദേശീയപാതയോരത്ത് ഒഴിഞ്ഞ പറമ്പിൽ തീ പടർന്നതിനെ തുടർന്ന് 50 ഏക്കറോളം സ്ഥലത്തെ പുല്ലുകളും മരങ്ങളും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പകൽ 1.50 നാണ് സംഭവം.
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടു നിന്ന് അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും കാസർകോടുനിന്ന് മറ്റൊരു യൂണിറ്റും അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രിച്ചത്.

കാറ്റുണ്ടായിരുന്നതിനാല് തീ ദേശീയപാതയും കടന്ന് സ്കൂൾ പരിസരത്തെ പറമ്പിലേക്കും പടർന്നു. ഇവിടെയുണ്ടായിരുന്ന ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്തെ പുൽക്കാടുകളും കത്തിനശിച്ചു. വൈകിട്ട് 4.45ഓടെയാണ് തീപുർണമായും നീയന്ത്രണവിധേയമാക്കിയത്. അര മണിക്കൂറോളം ദേശീയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. തുടർച്ചയായ ആറാം വർഷമാണ് ഈ പറമ്പിൽ തീ പിടിക്കുന്നത്. തീ നിയന്ത്രിക്കാന്‍ ഇരുപതിനായിരത്തോളം ലിറ്റർ വെള്ളം പമ്പ് ചെയ്യേണ്ടിവന്നു.
