ഒരു കിലോ ഏലയ്ക്കാ വില 3900 രൂപ ; മോഷണം വ്യാപകമായതോടെ കര്‍ഷകരുടെ ഉറക്കം നഷ്ടമായി

  • Post category:business / news
  • Reading time:1 min read
You are currently viewing ഒരു കിലോ ഏലയ്ക്കാ വില 3900 രൂപ ; മോഷണം വ്യാപകമായതോടെ കര്‍ഷകരുടെ ഉറക്കം നഷ്ടമായി

ഏലക്കായ്ക്ക് വിപണിയില്‍ വില ഉയര്‍ന്നതോടെ ഏല കര്‍ഷകരുടെ ഉറക്കം കെട്ടു. വില കൂടിയതോടെ ഏലക്കാ മോഷണവും വ്യാപകമായിട്ടുണ്ട്. ഉടുമ്പന്‍ചോല, നെടുങ്കണ്ടം മേഖലകളില്‍ നിരവധി ഏലയ്ക്കാ മോഷണ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കള്ളന്‍മാരുടെ ശല്യം രൂക്ഷമായതോടെ ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ്. ഒരു കിലോ ഏലയ്ക്കാ വില 3900 രൂപ കടന്നതോടെ രാത്രികാലങ്ങളില്‍ ഏലം ചെടികളില്‍നിന്ന് പച്ച ഏലയ്ക്ക പോലും മോഷ്ടിക്കപ്പെടുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.

900 രൂപയാണ് ഒരു കിലോ പച്ച ഏലക്കായുടെ വില. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, ശാന്തന്‍പാറ, രാജാക്കാട്, കമ്പംമേട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് മുപ്പതിലധികം കേസുകളാണ് ഏലയ്ക്ക മോഷണവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മോഷ്ടാക്കള്‍ ചെടികള്‍ നശിപ്പിച്ച്‌ കൂടിയാണ് പച്ച ഏലയ്ക്ക മോഷ്ടിക്കുന്നത്. അതിനാല്‍ തുടര്‍വിളവിനെ പോലും ഇത് ബാധിക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.

ഏലക്കാടുകളില്‍ താല്‍കാലിക ഷെഡ് ഉണ്ടാക്കിയും, റോന്ത്ചുറ്റിയുമാണ് കര്‍ഷകര്‍ രാത്രികാലങ്ങള്‍ തള്ളിനീക്കുന്നത്. ഏലയ്ക്കാ മോഷണ കേസുകളില്‍ വിദ്യാര്‍ത്ഥികളെ വരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പച്ച ഏലയ്ക്കയുമായി വില്‍പനയ്ക്ക് എത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കി.

0Shares