ഒടുവില്‍ മഞ്ഞുരുകി; ചരിത്ര കൂടിക്കാഴ്ചയില്‍ ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ മഞ്ഞുരുകി; ചരിത്ര കൂടിക്കാഴ്ചയില്‍ ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു

സിംഗപ്പൂര്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. ഈ കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും പറഞ്ഞു. ചരിത്ര കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും ഭൂതകാലം മറക്കുമെന്നും ഇരുവരും പറഞ്ഞു. അഭിമാനകരമായ മുഹൂര്‍ത്തമെന്നായിരുന്നു സമാധാനകരാറില്‍ ഒപ്പിടുന്നതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചത്. ചര്‍ച്ച യാഥാര്‍ഥ്യമാക്കിയ ട്രംപിന് നന്ദി അറിയിക്കുന്നതായി കിമ്മും പറഞ്ഞു. കൂടികാഴ്ചയുടെ സമാപനത്തില്‍ കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കിമ്മിനൊപ്പം ചര്‍ച്ചയ്ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് എന്നവര്‍ ട്രംപിനൊപ്പവുമെത്തിയിരുന്നു. ആദ്യം നടത്തിയ വണ്‍ഓണ്‍വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്നും ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് കിം പ്രതികരിച്ചു. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്നു മുഖാമുഖമെത്തുന്നത്.

0Shares