
കോട്ടയം: ഏഷ്യാനെറ്റ് ചാനല്‍ മേധാവിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എം.പി കുമരകത്ത് റിസോര്‍ട്ട് നിര്‍മാണത്തിനായി കൈയേറിയ വേമ്പനാട് കായലിന്റെ തണ്ണീര്‍ത്തട ഭൂമിയും അനുബന്ധ ഭൂമിയും തിരിച്ചു പിടിക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഇതിനൊപ്പം തന്നെ, പരാതി നേരിടുന്ന കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ട് തൊഴിലാളികളെ കൂലി നല്‍കാതെ വഞ്ചിക്കുന്നതായും പരാതി ഉയര്‍ന്നു. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ കുമരകത്തെ എല്ലാ റിസോര്‍ട്ടുകാരും അംഗീകരിച്ച കൂലി വര്‍ദ്ധനവ് ഇതുവരെ നടപ്പാക്കാതെ നിരാമയ തങ്ങളെ വഞ്ചിക്കുകയാണെന്നാണ് പണിമുടക്കിയ തൊഴിലാളികകളുടെ ആരോപണം.
2017 ഏപ്രില്‍ മുതല്‍ കൂട്ടിയ കൂലി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഓരോ കാരണങ്ങള്‍ പറഞ്ഞ് റിസോര്‍ട്ട് അധികാരികള്‍ തങ്ങളുടെ കൂലി തടയുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. അഞ്ചുലക്ഷത്തോളം രൂപ കുടിശ്ശികയിനത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടെന്നാണ് പറയുന്നത്. സി.ഐ.ടി.യു, ബി.എം.എസ് സംഘടനകളുടെ കീഴിലായാണ് ഇവിടെ തൊഴിലാളികള്‍ ഉള്ളത്. പുരുഷന്മാര്‍ക്ക് 913 രൂപയും സ്ത്രീകള്‍ക്ക് 667 രൂപയുമായിരുന്നു ദിവസക്കൂലി. ഇതില്‍ വര്‍ദ്ധനവ് വരുത്തണമെന്നാവശ്യത്തിലാണ് ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്.
കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തില്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയാണ് നിരാമയ നിര്‍മ്മിക്കുന്നത്. പെരുമ്ബാവൂരിലെ സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോള്‍. കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവന്‍ തീരംകെട്ടി കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേര്‍ന്നാണ് നിര്‍മ്മാണം. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കി.
രണ്ട് പ്ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോര്‍ട്ടിന്റെ അധീനതയിലുള്ളത്. കുമരകം വില്ലേജില്‍ പത്താംബ്ളോക്കില്‍ 302/1ല്‍ ഉള്‍പ്പെട്ടതാണ് പ്രധാന സ്ഥലം. ബ്ളോക്ക് 11ല്‍ രണ്ട് സര്‍വെ നമ്ബരുകളിലായും സ്ഥലമുണ്ട്. ഇവിടത്തെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിര്‍മ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്.
