
രാജ്യത്തെ എല്ലാവിധ യാത്രകൾക്കും ഉപയോഗിക്കാവുന്ന ഒറ്റക്കാർഡ് സംവിധാനവുമായി കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കന്നി ബജറ്റിലാണു ‘നാഷനൽ ട്രാൻസ്പോർട്ട് കാർഡിനു’ നിർദേശമുള്ളത്. യാത്രകളിൽ നേരിടുന്ന സാമ്പത്തിക ഇടപാടിലെ അസൗകര്യങ്ങൾ ഇതിലൂടെ പരിഹരിക്കാമെന്നാണു കേന്ദ്രം കരുതുന്നത്.

ദേശീയ ഗതാഗത നയത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) രാജ്യത്തിലുടനീളം റോഡ്, റെയിൽ യാത്രയ്ക്ക് ഉപയോഗിക്കാനാകും. മെട്രോ, ബസ്, സബർബൻ റെയിൽവേ, ടോൾ, പാർക്കിങ് എന്നീ ആവശ്യക്കൊപ്പം സ്മാർട്ട് സിറ്റികളിലും റീട്ടെയ്ൽ ഷോപ്പിങ്ങിനും പണമടയ്ക്കാൻ ഈ കാർഡ് മതിയാകും. പണം പിൻവലിക്കാനും സൗകര്യമുണ്ടാകും. ഇടപാടുകൾക്കു കുറഞ്ഞ സർവീസ് ചാർജേ ഈടാക്കൂ.
രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന കാർഡ് റൂപേ വഴിയാകും പ്രവർത്തിക്കുക. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഫോർമാറ്റിൽ ബാങ്കുകളിലൂടെയാകും വിതരണം. എസ്ബിഐ ഉൾപ്പെടെ 25–ലേറെ ബാങ്കുകളിൽ കാർഡ് ലഭ്യമാക്കും. ഇതുപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുമ്പോൾ 5 ശതമാനവും യാത്രയിൽ സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനവും കാഷ്ബാക്ക് ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
