
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാറണമെന്ന് ഭാര്യ ലക്ഷ്മി. ‘എന്റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിഞ്ഞേ മതിയാവൂവെന്നും ലക്ഷ്മി പറഞ്ഞു. മലയാള മനോരമ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജിം ട്രെയ്നര്‍ ആയിരുന്ന പ്രകാശ് തമ്പനിയുമായി ബാലഭാസ്കറിന് ഏഴുവര്‍ഷത്തെ പരിചയമുണ്ട്. സ്വര്‍ണക്കടത്തില്‍ തമ്പനിക്കു പങ്കുള്ളതായി തനിക്കോ ബാലുവിനോ അറിയില്ലായിരുന്നു.

ആ വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ ഞെട്ടലായിരുന്നു. ചെറിയ പിരിമുറുക്കങ്ങള്‍ പോലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നയാളായിരുന്നു ബാലു. എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ആ നിമിഷം തന്നെ തമ്പിയെ പുറത്താക്കിയേനെയെന്നും ലക്ഷ്മി പറഞ്ഞു. വാഹനാപകട സമയത്ത് തങ്ങളുടെ കാറില്‍ കുറച്ചേറെ സ്വര്‍ണമുണ്ടായിരുന്നെന്ന പ്രചരണം വെറും അസംബന്ധമാണെന്നും ലക്ഷ്മി പറഞ്ഞു. ‘അപകടശേഷം കാറിലെ വസ്തുക്കള്‍ നീക്കുന്നത് പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആകെ 25 പവനില്‍ താഴെ സ്വര്‍ണമേ തനിക്കുള്ളൂ. തീരെ കനംകുറഞ്ഞ ആഭരണങ്ങളേ അണിയാറുള്ളൂ. അതില്‍ ചിലതുമാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ.’ അവര്‍ പറഞ്ഞു.
‘ബാലുവിന്റെ വയലിനുകള്‍ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാല്‍ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതുകൊണ്ടു മാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ച് വരെ കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത്.’ ലക്ഷ്മി പറഞ്ഞു.
