കാസര്‍കോട്: സോളാര്‍ കേസില്‍ നടപടിവേണമെന്ന കാബിനറ്റ് തീരുമാനത്തില്‍ തെറ്റില്ലെന്നും അത് നടപ്പാക്കുമ്പോഴുള്ള നിയമതടസ്സം എല്ലാം ഒഴിവാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സോളാര്‍ കേസില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. ഇതില്‍ കോണ്‍ഗ്രസ് വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. സോളാര്‍ സംബന്ധിച്ച കോണ്‍ഗ്രസുകാരുടെ സംശയം ഒമ്പതിന് നിയമസഭാസമ്മേളനം നടന്നുകഴിയുമ്പോള്‍ തീരും. സോളാറിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സുധീരന്റെ നിലപാട് അതാണ് വ്യക്തമാക്കുന്നത്. യു.ഡി.എഫില്‍ പടയൊരുക്കം നടക്കുന്നതിന്റെ മുന്നോടിയായാണ് അവര്‍ ‘പടയൊരുക്കം’ എന്നപേരില്‍ ജാഥ നടത്തുന്നതെന്നും കോടിയേരി പരിഹസിച്ചു. ബി.ജെ.പിയുടെ അസഹിഷ്ണുതാ നിലപാട് സിനിമാ സെന്‍സര്‍ ബോര്‍ഡിലേക്കും നീളുകയാണ്. തമിഴ്നാട്ടില്‍ വിജയുടെ സിനിമക്കെതിരായ ആര്‍എസ്എസ് പ്രതിഷേധം അവരുടെ ഫാസിസ്റ്റ് നിലപാടാണ് കാണിക്കുന്നത്. യു.ഡി.എഫിനെ എതിര്‍ക്കുന്നത് ബി.ജെ.പി വളര്‍ത്താനെന്നുള്ള വാദം ബാലിശമാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് ശക്തിയായ ബിജെപി ഏറ്റവും ആദ്യം എതിര്‍ക്കേണ്ട കക്ഷി തന്നെയാണ്. കോണ്‍ഗ്രസിനാണ് ബി.ജെ.പിയോട് മൃദുസമീപനമുള്ളത്. ഇന്ധനവില വര്‍ധനയുടെ കാര്യത്തില്‍ ഹര്‍ത്താല്‍ നടത്തിയത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ്. കേന്ദ്രസര്‍ക്കാരിനെതിരെയോ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സംസ്ഥാനത്ത് ദുര്‍ബലമാണെങ്കിലും കേന്ദ്രഭരണ കക്ഷിയായതിനാല്‍ ബിജെപിയെ ശക്തമായി നേരിട്ടെ മതിയാകൂ. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ പ്രതിരോധിക്കാനാകില്ല. മുമ്പ് അങ്ങനെയുണ്ടായപ്പോള്‍ ബിജെപി രാജ്യത്ത് ഒറ്റകക്ഷിയായി വളരുന്ന സാഹചര്യമാണുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.
ഉന്നത നേതാക്കള്‍ക്കെതിരെയുളള കേസില്‍ നിയമപ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് നിയമോപദേശം തേടുന്നതെന്ന് കോടിയേരി