
കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിന് ഫ്രാൻസിന്‍റെ പിന്തുണ. ജമ്മു കാശ്മീരിലെ പ്രശ്നങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തണമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിർദേശിച്ചു.
മൂന്നാമതൊരാൾ പ്രശ്നത്തിൽ ഇടപെടരുതെന്നും ഫ്രാൻസ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോൺ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോൺ, പ്രശ്നം ഇരുകക്ഷികളും തമ്മിൽ പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. എന്നാൽ, കാശ്മീരിനെച്ചൊല്ലി മേഖലയിൽ അക്രമമുണ്ടാകരുത്. ഇരുകക്ഷികളും അക്രമം തുടങ്ങി വയ്ക്കില്ലെന്ന നിലപാടെടുക്കണം.
മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങൾ ഹനിയ്ക്കുന്ന നീക്കങ്ങൾ ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുത് – മക്രോൺ വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാശ്മീരിനെക്കുറിച്ച് ഒരു പരാമർശവും നടത്തിയില്ല. കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ യു.എൻ സുരക്ഷാ കൗൺസിൽ നടത്തിയ ചർച്ചയിൽ, ഫ്രാൻസ് ഇന്ത്യൻ നിലപാടിനെ പിന്തുണച്ചിരുന്നു.
ഫ്രാൻസിൽ നിന്ന് രണ്ടു ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി അബുദാബിയിലെത്തും. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി നാളെ ഉച്ചകഴിഞ്ഞ് ബഹറിനിലേക്ക് തിരിക്കും.
