
ഉര്‍ജിത് പട്ടേല്‍ രാജി വെച്ചതിന് പിന്നാലെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള വിവരാവകാശ രേഖ തള്ളി കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് അവകാശപ്പെട്ടാണ് കേന്ദ്രം ആര്.ടി.ഐതള്ളിയത്. ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ കറസ്പോണ്ടന്റ് ആയിരുന്നു വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് വന്ന ഒഴിവിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരസ്യം,
ആ സ്ഥാനത്തേക്ക് അപേക്ഷിച്ചതും തെരഞ്ഞെടുത്തതുമായ ഉദ്യോഗാര്‍ത്ഥികളുടെ വിവരം, അപേക്ഷ ലഭിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ നിയോഗിച്ച സര്‍ച്ച് കമ്മിറ്റി, നിയമനത്തിനായി നടത്തിയ യോഗത്തിന്റെ മിനുട്ട്സ് എന്നിവയായിരുന്നു വിവരാവകാശ രേഖയില്‍ ആവശ്യപ്പെട്ടിരുന്നത്. മാധ്യമ പ്രവര്ത്തകന് കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പിനായിരുന്നു ആര്.ടി.ഐ നല്‍കിയത്.
കേന്ദ്ര മന്ത്രിസഭയിലെ നിയമന സമിതിയാണ് ആര്.ബി.ഐ ഗവര്‍ണറെ തെരഞ്ഞെടുക്കുന്നത് എന്ന് കാണിച്ച് സാമ്പത്തികകാര്യ വകുപ്പ് പ്രസ്തുത ആര്.ടി.ഐ ക്യാബിനറ്റ് സെക്രട്ടറിയേറ്റിന് കൈമാറുകയായികരുന്നു. പക്ഷെ മന്ത്രിസഭാ സമിതിയിലെ രേഖകള്‍ ആര്.ടി.ഐ പ്രകാരം കൈമാറേണ്ടതില്ല എന്ന സെക്ഷന്‍ 8(1)(ii) വിവരാവകാശ നിയമം, 2005 ചൂണ്ടിക്കാട്ടി ക്യാബിനറ്റ് കമ്മിറ്റി ഇത് തള്ളിക്കളയുകയായിരുന്നു.
