കാസര്‍കോട്: അപ്പീലുമായെത്തി ഒന്നാംസ്ഥാനം കിട്ടിയതോടെ വര്‍ഷയുടെ വിജയത്തിന്റെ മാറ്റ് കൂടി. ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനിയായ വര്‍ഷ.ബി കോടതി ഉത്തരവുമായെത്തി മത്സരിച്ച് മോഹിനായാട്ടത്തില്‍ ഒന്നാം സ്ഥാനവും കൂച്ചുപ്പുടിയില് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എന്നാല്‍ മോഹിനിയാട്ടത്തില്‍ ഹൊസ്ദുര്ഗിനായി മല്‍സരിച്ച വിദ്യാര്ഥിനിക്ക്് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ സംസ്ഥാന മല്‍സരത്തില്‍ പങ്കെടുത്ത് ഏ ഗ്രേഡ് നേടിയിരുന്നു. കലാമണ്ഡലം വനജരാജന്റെ ശിഷ്യയായി 12 വര്‍ഷമായി നാട്യ പരിശീലനം നേടുകയാണ് വര്‍ഷ.
കുശാല്‍ നഗറിലെ കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെയും വല്ലിയുടെയും മകളാണ് വര്‍ഷ. സബ്ജില്ലാ കലോത്സവത്തിന്റെ വിധി നിര്‍ണ്ണയനത്തില്‍ അപാകതകളുണ്ടെന്ന് തോന്നിയത് കൊണ്ടാണ് അപ്പീലുമായി റവന്യൂ ജില്ലാ കലോത്സവത്തിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അപ്പീലുമായെത്തി വിജയം വാരിക്കൂട്ടിയതിന്റെ മാധുര്യത്തിലാണ് വര്‍ഷയും കുടുംബവും.
അപ്പീലുകളുമായെത്തിയ വര്‍ഷയ്ക്ക് മോഹിനിയാട്ടത്തില്‍ മിന്നുന്ന വിജയം