
കാസർകോട്: പുണ്യനാളിലെ മഹാദാനത്തിൻ്റെ സന്ദേശം കാസർകോട് നിന്നുമാണ്. ഒരുപാടാളുകൾക്ക് അനുഗ്രഹമായ ആശുപത്രിയിലെ നോമ്പുതുറയ്ക്ക് നേതൃത്വം നൽകുന്നത് ജീവകാരുണ്യ പ്രവർത്തകനായ ഈ യുവാവിൻ്റെ പ്രയത്നമാണ്. ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും നോമ്പുതുറ സംഘടിപ്പിച്ച് വ്യത്യസ്തവുകയാണ് മാഹിൻ കുന്നിൽ. ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് ആളുകളിൽ നോമ്പുതുറ വിഭവങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയത്.

ഒരു സുഹൃത്ത് കുറച്ചു പണം നൽകിയതോടെയാണ് ആദ്യ നോമ്പ് ദിനത്തിൽ തന്നെ വിഭവങ്ങൾ നൽകി നോമ്പുതുറ ആരംഭിക്കാൻ കഴിഞ്ഞത്. ഇതുവരെ എല്ലാ ദിവസവുമായി നോമ്പുതുറ ഒരുക്കാൻ കഴിഞ്ഞു. മാഹിൻ്റെ ഈ പ്രവർത്തനത്തിന് പിന്തുണയുമായി സുമനസ്സുകൾ വന്നതോടെ വിഭവ സമാഹരണവും വിതരണവും എളുപ്പമായി. കൂട്ടത്തിൽ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്നതോടെ നന്നായി നടത്താനാൻ കഴിഞ്ഞതായി മാഹിൻ കുന്നിൽ ചാനൽ ആർ.ബിയോട് പറഞ്ഞു.

നോമ്പുതുറ സമയം തിരക്കൊഴിഞ്ഞാൽ ഡോക്ടർമാരും മാഹിനൊപ്പം വിഭവങ്ങൾ വിളമ്പാൻ എത്തും. ജാതിയുടെയും മതത്തിൻ്റെയും വേലികെട്ടുകൾ തകർത്ത അനുഭവമാണ് കാസർകോട്ടെ ഈ ഒത്തൊരുമയിലുള്ളത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമായി മാറിയ നോമ്പുതുറ മാഹിൻ കുന്നിലിൻ്റെ പ്രയത്നത്തിൻ്റെ ഫലമാണ്. അസുഖങ്ങൾ കൊണ്ട് മാനസികമായും ശാരീരികമായും തളർന്ന് കഴിയുമ്പോഴും സാധാരണക്കാരുടെ വേദന മനസ്സിലാക്കി അവരിൽ ഒരാളായി മാറാനും അവരുടെ പുഞ്ചിരിയിൽ സന്തോഷിക്കാനും കഴിയുന്നതായി മാഹിൻ പറഞ്ഞു.

ഫ്രണ്ട്ലൈൻ ചായിത്തോട്ടം,14-ാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി, റിഫോം ആർ.എസ്.വി കൂട്ടായ്മ തുടങ്ങിയ സംഘടനകളും ഇവിടെ നോമ്പുതുറയിൽ പങ്കാളികളായി. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെർസൺ സുഹ്റ കരീം, പൊതു പ്രവർത്തകനായ കരീം ചൗക്കി എന്നിവരുടെ 22- മത്തെ വിവാഹ വാർഷികവും നോമ്പുതുറയായി ജനറൽ ആശുപത്രിയിൽ ഒരുക്കിയതും ശ്രദ്ധേയമായി. ഇത്തരം ഈ മഹത്തായ സ്നേഹകാരുണ്യം മറ്റെവിടെയാണ് കാണാനാവുക.

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്- ഷമ്മ്യ ദമ്പതികളുടെ മകളായ ഇന്ദുലേഖയുടെ പിറന്നാൾ ആഘോഷിച്ചത് ആശുപത്രിയിലെ ഇതേ നോമ്പുതുറയിൽ ആണ്. കേക്ക് മുറിച്ച്, മിഠായി നൽകി ബലൂണിൽ അലങ്കരിച്ച് ആഘോഷിക്കുന്നതിന് പകരം ആശുപത്രിയിലെത്തി ഭക്ഷണം നൽകിയാണ് ഈ കുട്ടി ഒമ്പതാം പിറന്നാൾ ആഘോഷിച്ചത്. വിഭവങ്ങൾ നൽകുമ്പോൾ മുന്നിൽ നിൽക്കുന്ന നീണ്ട ക്യൂവിലെ വൃദ്ധരുടെയും ഉമ്മമാരുടെയും കുട്ടികളുടെയും മുഖത്തെ സന്തോഷം ആരുടെയും മനസ്സിൽ ആനന്ദത്തിൻ്റെ വെളിച്ചം പ്രകാശിക്കും. സാബിർ ബെള്ളിപ്പാടി, സഫുവാൻ മായിപ്പാടി, റഹ്മാൻ, വിജേഷ്, അറഫാത്ത്, പീതാംബരൻ, രമേഷൻ, രവി, ശ്രീധരൻ, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു. ആശുപത്രി സുപ്രണ്ട് ഡോ.രാജാറാം ഉൾപ്പടെയുള്ളവരുടെ സഹകരണവുമുണ്ട്. ഇതൊരു ചെറിയ നന്മയെങ്കിലും പ്രതിഫലം ദൈവം നൽകുമെന്ന പ്രതീക്ഷയും മഹിൻ പങ്കുവെച്ചു.
