ലോക ഹൃദയ ദിനം ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത കെ.വി ഉദ്‌ഘാടനം ചെയ്തു

You are currently viewing ലോക ഹൃദയ ദിനം ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത കെ.വി ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ്: സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത കെ.വി നിർവഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ജീജ എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ജില്ലാ ആശുപത്രി പി.ആർ.ഓ റിൻസ് മാണി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ ശശിധര റാവു, ഡിസ്ട്രിക്ട് വെക്റ്റർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ ഗിരീഷ് കെ.വി, ടെക്നിക്കൽ അസിസ്റ്റന്റ് ബിമൽ ഭൂഷൺ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഹസീബ് പി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകർക്കായി ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തിൽ ജില്ലാ ആശുപത്രി ഫിസിഷ്യൻ ഡോ അഭിനന്ദ്, അസിസ്റ്റന്റ് സർജൻ ഡോ അശ്വതി എന്നിവർ ബോധവൽക്കരണ സെമിനാർ നയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, കെ.ജി.എം.ഒ.എ, ഐ.എം.എ കാസറഗോഡ് എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ‘ഹൃദയത്തിൻ്റെ സ്പന്ദനം അറിയാതെ പോകരുത്’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദയ, രക്തധമനി രോഗങ്ങൾ (കാർഡിയോ വാസ്ക്കുലാർ ഡിസീസ്-CVD) മാറി കഴിഞ്ഞു. ആധുനിക കാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയരക്ത ധമനി രോഗത്തിൻ്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് ഈ ഹൃദയ ദിനത്തില്‍ ചെയ്യേണ്ടത്.

യുവജനങ്ങളെയും മുൻനിര തൊഴിൽവിഭാഗങ്ങളെയും പ്രഥമശുശ്രൂഷ നൽകാൻ പ്രാപ്തമാക്കുകയും, ഹൃദയസ്തംഭനത്തിൻ്റെ ലക്ഷണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘ഹൃദയപൂർവം’ ക്യാമ്പയിൻ്റെ ഭാഗമായി, ജില്ലയിൽ 18 ഇടങ്ങളിൽ മുന്നണിപ്പോരാളികൾ, ഹരിതകർമ സേനാംഗങ്ങൾ, ഓട്ടോ ഡ്രൈവർമാർ, ആരോഗ്യപ്രവർത്തകർ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തുടങ്ങിയവർക്കായി സി.പി.ആർ. പരിശീലനം സംഘടിപ്പിച്ചു. ദിനചാരണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും വിവിധ ബോധവക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു.

0Shares