
തിരുവനന്തപുരം / ന്യൂ ഡെൽഹി: മുല്ലപ്പെരിയാർ ഡാം തുറന്നു. ജലനിരപ്പ് റൂൾ കർവായ 137.5 അടിയിൽ എത്തിയതോടെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. രണ്ട് മണിക്കൂറിനുശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് വിടും. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പെരിയാറിൽ ഇറങ്ങാൻ പാടില്ല.
മലമ്പുഴ ഡാം മൂന്ന് മണിക്ക് തുറക്കും. വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് സാധ്യത ഉള്ളതിനാൽ നാല് ഷട്ടറുകൾ അഞ്ചു സെന്റിമീറ്റർ വീതം തുറക്കും. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ വയനാട് ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അതിതീവ്ര മഴയ്ക്ക് നേരിയ ആശ്വാസം. വെള്ളിയാഴ്‌ച ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. രാവിലെ മുതൽ പല സ്ഥലങ്ങളിലും മഴ മാറി നിൽക്കുകയാണ്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയും, പത്തനംതിട്ട ജില്ല മുതൽ വടക്കോട്ട് ഒറ്റപ്പെട്ട ശക്തമായ മഴയൊ ലഭിച്ചു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യപിച്ചിരുന്നു .
നാളെ മുതൽ മഴ കുറഞ്ഞേക്കും. എങ്കിലും ഞായറാഴ്‌ച വരെ കേരള -തമിഴ്‌നാട് പശ്ചിമ ഘട്ട മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും ഡാം മേഖലകളിലും കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് വിദഗ്ധ അഭിപ്രായം. ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
