
‘കലർപ്പില്ലാത്ത വാർത്തകൾ’ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്:https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
ഭാഗം: രണ്ട്
പീതാംബരൻ കുറ്റിക്കോൽ
ബേക്കൽ / കാസർകോട്: ടൂറിസം സ്വത്ത് ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മുൻ ബി.ആർ.ഡി.സി മുൻ ഡയറക്‌ടർക്കും ഇടനില കമ്പനിക്കുമെതിരെ കുരുക്കു മുറുകുന്നു, വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുത്ത് പരിശോധന തുടങ്ങി. ബേക്കൽ റിസോർട്‌സ് ഡെവലപ്മെണ്ട് കോർപറേഷൻ ലിമിറ്റഡിൻ്റെ (Bekal Resorts Development Corporation Ltd- BRDC) അധീനതയിലുള്ള നൂറുകോടിയിലധികം വിലമതിക്കുന്ന ഭൂമി വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി പണം തട്ടിയെടുത്തതിലാണ് വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുത്ത് പരിശോധന തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പാണ് ബി.ആർ.ഡി.സി പ്രസ്‌തുത ഭൂമി ഗ്രീൻ ഗേറ്റ് വേ ലൈശ്വർ കമ്പനിക്ക് നടത്തിപ്പിനായി ലീസ് വ്യവസ്ഥയിൽ നൽകിയത്.
പഴുതടച്ചുള്ള അന്വേഷണം
കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരു വർഷത്തിൽ 67ലക്ഷം രൂപ നിരക്കിലാണ് ഇ.എം നജീബും അദ്ദേഹത്തിൻ്റെ മകൻ സഹീറും മാനേജിങ് ഡയറക്ടറായ ജി.ജി.എൽ കമ്പനിക്ക് ബി.ആർ.ഡി.സി ഭൂമി ലീസിന് നൽകുന്നത്.

രണ്ടുവർഷം കൊണ്ട് പണി പൂർത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. അഞ്ചുവർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയില്ല. ലീസിനത്തിൽ പണം അടക്കുന്ന തവണകൾ മുടങ്ങി. അതിനാൽ കോർപറേഷന് കോടികളുടെ നഷ്ടമാണ് ആ വകയിൽ ഉണ്ടായിരിക്കുന്നത്.
2008ൽ ഭൂമി ബാങ്കിൽ പണയപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. 2010ൽ മുൻ ഡയറക്ടർ വ്യക്തി താൽപര്യത്തിൽ അനുമതി നൽകിയെന്നാണ് അറിയുന്നത്. എന്നാൽ ഇതിന് കോർപറേഷൻ അനുമതി ലഭിച്ചിരുന്നു എന്ന് പരിശോധിച്ചു വരികയാണ്.
പാവങ്ങളെ കുടിയൊഴിപ്പിച്ച മണ്ണ്
ഇക്കേരി നായ്ക്കൻ്റെ രാജവാഴ്‌ചയുടെ കരുത്തിൻ്റെ തണലിൽ ജീവിസിച്ചുവന്ന ഒരു സമൂഹം ബേക്കലിൽ ഉണ്ടായിയിരുന്നു. ആ പരമ്പരയിൽപെട്ട പിൻതലമുറക്കാർ അധിവസിച്ചു വന്ന മണ്ണാണിത്. കർഷകരായ സാധാരണക്കാർ സ്വന്തം വീടും കൃഷിഭൂമിയും കാസർകോടിൻ്റ വിനോദ സഞ്ചാര വികസന സ്വപ്‌നങ്ങൾക്ക് വേണ്ടി വിട്ടു കൊടുക്കുകയായിരുന്നു. ദാന ധർമത്തിൻ്റെ കടയ്ക്കൽ കത്തി വെയ്ക്കുന്ന ഉന്നത തലത്തിലുള്ള പെരും കൊള്ളകൾക്ക് അടിയറവ് പറഞ്ഞ ചരിത്രം ഇന്നാട്ടിലെ മനുഷ്യർക്കില്ല. എല്ലാം വീണ്ടെടുക്കണം, ബേക്കൽ ടൂറിസം പദ്ധതി നല്ല നാളേയ്ക്കും തലമുറകൾക്കും വേണ്ടി വളരണമെന്ന് ജനങ്ങൾ ഒന്നാകെ ആവശ്യപ്പെടുന്നു.

അജാനൂർ, പള്ളിക്കര പഞ്ചായത്തുകളിലെ ചിത്താരി- കീക്കാൻ വില്ലജ് പരിധിയിലെ, ചേറ്റുകുണ്ട് പ്രദേശത്തുള്ള 53.33 ഏക്കർ ഭൂമിയുടെ യഥാർത്ഥ രേഖകൾ ഗ്രീൻ ഗേറ്റ് വേ ലൈശ്വർ ലിമിറ്റഡ് (Green Gateway Leisure Ltd. -GGL) എന്ന കമ്പനി കേരളത്തിലെ നാല് ബാങ്കുകളുടെ ശാഖകളിൽ പണയപ്പെടുത്തി 89 കോടി രൂപ അനധികൃതമായി വായ്‌പ എടുത്തു എന്നാണ് പരാതി. ഇപ്പോൾ 113 കോടി രൂപയാണ് ബാങ്കിൽ അടക്കാൻ കുടിശികയുള്ളത്. പ്രസ്തുത ഭൂമി സംസ്ഥാനത്തെ നാല് ബാങ്കുകൾ ജപ്‌തി നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ റീസർവ്വേ നമ്പർ- 01/5, 08/1, 08/2, 11/1, 11/2, 24/3 തുടങ്ങിവയിലും പള്ളിക്കര പഞ്ചായത്തിൽ കീക്കാൻ വില്ലേജിൽ റീസർവ്വേ നമ്പറിലും ഉദുമ പഞ്ചായത്തിലും ബി.ആർ.ഡി.സിക്ക് സ്വന്തമായി ഭൂമിയുണ്ട്. ജില്ലയുടെ ടൂറിസം വികസനത്തിന് വേണ്ടിയാണ് സർക്കാർ ബി.ആർ.ഡി.സിക്ക് ഹെക്ടർ കണക്കിന് ഭൂമി വർഷങ്ങൾക്ക് മുമ്പ് പതിച്ചു നൽകിയത്.
ബാങ്ക് നടപടികളിലും വീഴ്‌ചയോ?
കേരളത്തിലെ സുപ്രധാന ബാങ്കുകളുടെ ശാഖകൾ മതിയായ സെക്യൂരിറ്റി ഇല്ലാതെയാണ് വായ്‌പകൾ നൽകിയത്. ബേക്കൽ റിസോർട്‌സ് കോർപറേഷൻ മുൻ ഡയറക്ടറായിരുന്ന ഷാജി മാധവൻ കോർപറേഷൻ്റെ ഭൂമി പണയപ്പെടുത്തി ബാങ്കിൽ നിന്നും വായ്‌പ എടുക്കുന്നതിന് ഗേറ്റ് വേ ലൈശ്വർ കമ്പനിക്ക് അനുമതി(എൻ.ഒ.സി) നൽകി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊമേഴ്‌സ്യൽ ബ്രാഞ്ച് തിരുവനന്തപുരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൊമേഴ്‌സ്യൽ ബ്രാഞ്ച് എറണാകുളം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചാലായി ബ്രാഞ്ച് തിരുവനന്തപുരം, ധനലക്ഷ്‌മി ബാങ്ക് തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് 89 കോടി രൂപ വായ്‌പ എടുത്തത്. ടൂറിസം റിസോർട്ടുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ബി.ആർ.ഡി.സിയുടെ ഭൂമി ബാങ്കുകളിൽ പണയപ്പെടുത്തിയതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായാണ് വിജിലൻസിൻ്റെ പ്രാഥമിക കണ്ടെത്തൽ.
ശരിയാകും നന്നാക്കിയാൽ; വിനോദ സഞ്ചാരവും
കേരള ചീഫ് സെക്രട്ടറി ചെയർമാൻ ആയിട്ടുള്ള ബി.ആർ ഡി.സിയുടെ പ്രവർത്തനം കാര്യക്ഷമമായിട്ടാണ് നടന്നുവരുന്നത്. കൂടാതെ സ്വത്ത് പണയപ്പെടുത്തിയതിൽ വന്ന സാമ്പത്തിക നഷ്ടം നികത്താൻ ഗ്രീൻ ഗേറ്റ് വേ ലൈശ്വർ ലിമിറ്റഡ് കമ്പനിക്കെതിരെ റവന്യൂ റിക്കവറി നടപടിയും ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഇത്രയും കാലം ആയിട്ടും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബി.ആർ.ഡി.സി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബി.ആർ.ഡി.സി മുൻ ഡയറക്ടർക്കും മറ്റും ഇതുവരെയായി യാതൊരുവിധ ഡിപ്പാർട്മെണ്ട് അന്വേഷണ നടപടികളും എടുത്തിട്ടില്ലെന്നതാണ് വസ്തുത. ജി.ജി.എൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഇ.എം നജീബ് ഇപ്പോൾ ടൂറിസം ഗവേർണിംഗ് ബോർഡ് അംഗം ആണെന്നാണ് വിവരം.
‘നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികൾ. ടൂറിസം സ്വത്ത് ജാമ്യമാക്കി വായ്‌പയെടുത്ത് കുടിശിക വരുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പരാതി നൽകിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം. -ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ.പി പറഞ്ഞു.’ ‘കോർപറേഷൻ്റെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ഉദുമ പഞ്ചായത്തിൽ മലാംകുന്നിൽ പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തനത്തിന് സജ്ജമായി വരികയാണ്. കൂടാതെ കാഞ്ഞങ്ങാട് അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ റിസോർട് കം എൻ്റെർടൈമെണ്ട് വില്ലജ് ടൂറിസം പദ്ധതി ഉടൻ പ്രവർത്തന സജ്ജമാകും.’ അദ്ദേഹം പറഞ്ഞു.
