
വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.എച്ച്.ഒ ടി.ഡി സുനിൽകുമാറിനെ സസ്പെണ്ട് ചെയ്‌തു. അദ്ദേഹത്തിന് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം നൽകി. അന്വേഷണ ചുമതല എറണാകുളം റൂറൽ എ.എസ്.പിക്കാണ്. കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ടി.ഡി സുനിൽ കുമാറിനെതിരെ പ്രതികൂല പരാമർശം ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ സസ്പെൻഷൻ. അന്വേഷണ ചുമതലയുള്ള എറണാകുളം റൂറൽ എ.എസ്.പി രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കോടതിയുടെ പരാമർശങ്ങൾ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സർക്കാരിനെ സ്വാധീനിക്കില്ല.

വിഷയത്തിൽ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് എസ്.എച്ച്.ഒ ടി.ഡി സുനിൽകുമാറിനെ സസ്പെണ്ട് ചെയ്‌തത്.
സണ്ണി ജോസഫ് എം.എൽ.എയാണ് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
