Categories
Kerala news

പോരാട്ടം വ്യക്തികളോടല്ല ഐഡിയോളജിയോട്; വി.ഡി സതീശന്‍

ബി.ജെ.പി അധ്യക്ഷനായി ആര് വേണമെങ്കിലും വരട്ടെയെന്നും തങ്ങളുടെ പോരാട്ടം ബി.ജെ.പി ഐഡിയോളജിയോടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. അവര്‍ ഇഷ്ടമുള്ളയാളുകളെ പ്രസിഡന്റാക്കട്ടെ അതില്‍ നമുക്ക് എന്താണ് പ്രശ്‌നം. ഞങ്ങള്‍ മറ്റു പാര്‍ട്ടികളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാറില്ല. വ്യക്തികളോടല്ലല്ലോ, ബി.ജെ.പി ഐഡിയോളജിയോടല്ലേ ഞങ്ങള്‍ പോരാടുന്നത്. അത് തുടരും. രാജീവ് ചന്ദ്രശേഖര്‍ അങ്ങനെയൊരു ബി.ജെ.പി ഐഡിയോളജിയുള്ളയാളാണെന്ന് ഞാന്‍ കരുതുന്നില്ല. സുരേന്ദ്രനോടും വ്യക്തിയെന്ന നിലയില്‍ ഫൈറ്റ് ചെയ്തിട്ടില്ല. സുരേന്ദ്രന്‍ വിശ്വസിക്കുന്ന ഐഡിയോളജിയോടാണ് പോരാടിയത് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത് ദേശീയ നേതൃത്വത്തിൻ്റെ നിര്‍ദ്ദേശപ്രകാരമെന്നാണ് വിവരം. കേന്ദ്ര തീരുമാനം പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ കോര്‍ കമ്മിറ്റിയെ അറിയിച്ചു. കോര്‍ കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്‍കി. വ്യവസായിയായ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ജനവിധി തേടിയിരുന്നു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനും കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറിലൂടെ പാര്‍ട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും യുവാക്കളെ സ്വാധീനിക്കാനും കഴിയുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *