
ഷാര്‍ജ: ബേപ്പൂര്‍- കൊച്ചി- യു.എ.ഇ സെക്ടറില്‍ യാത്രക്കപ്പല്‍ സര്‍വിസ് സംബന്ധിച്ച വിശദ ചര്‍ച്ചക്ക് മലബാര്‍ ഡെവലപ്മെണ്ട് കൗണ്‍സിലിനെ (എം.ഡി.സി) ക്ഷണിച്ച് കേരള മാരിടൈം ബോര്‍ഡ് (കെ.എം.ബി). തിരുവനന്തപുരം ശാസ്തമംഗലം കെ.എം.ബി ആസ്ഥാനത്ത് ഈ മാസം 14നാണ് ചര്‍ച്ചയെന്ന് എം.ഡി.സി ചെയര്‍മാന്‍ ഷെവലിയാര്‍ ഇ.ചാക്കുണ്ണി അറിയിച്ചു.
എം.ടി.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീമും പങ്കെടുക്കും. യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കപ്പല്‍ സര്‍വിസ് അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള പരിശ്രമത്തിലാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മിറ്റിയെന്ന് വൈ.എ. റഹീം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് കപ്പല്‍ സര്‍വിസിനായുള്ള നീക്കം ശക്തമാക്കും. വിഷയത്തില്‍ എം.ഡി.സിയുമായി യോജിച്ച പ്രവര്‍ത്തനത്തിലാണ് അസോസിയേഷന്‍. ക്രിസ്മസ്- പുതുവത്സരത്തിന് മുന്നോടിയായി യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വിസ് സാധ്യമാക്കുകയാണ് ലക്ഷ്യം.
യാത്രാ വിഷയത്തില്‍ ഗള്‍ഫ് പ്രവാസികള്‍ കടുത്ത പ്രയാസം അനുഭവിക്കുന്നു. രാഷ്ട്രീയക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വിഷയത്തെ ഗൗരവമായി കാണുന്നില്ല. നാട്ടില്‍ ശമ്പളവും കൂലിയുമുള്ളവര്‍ക്കുവരെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ പലതിലും സബ്‌സിഡിയിനത്തില്‍ ലക്ഷങ്ങളാണ് സര്‍ക്കാറുകള്‍ അനുവദിക്കുന്നത്. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഈയിനത്തില്‍ ഒരുവിധ സഹായവും പറ്റുന്നില്ല.
കോടികള്‍ നാട്ടിലേക്കയച്ച് രാജ്യത്തിന്‍റെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്ന ഗള്‍ഫ് പ്രവാസികളുടെ ആവശ്യം ന്യായനിരക്കില്‍ യാത്രാസൗകര്യം വേണമെന്നതാണ്. ഈ ഘട്ടത്തില്‍ യാത്രക്കപ്പല്‍ സര്‍വിസിന് അനുമതി നല്‍കുന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.
ദേശീയ വിമാന കമ്പനിയെ ബാധിക്കുമെന്ന കാരണത്താല്‍ നേരത്തേ തുടങ്ങിയ കപ്പല്‍ സര്‍വിസ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്യുകയായിരുന്നു. ഗള്‍ഫ് പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം റെഗുലര്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണം.
നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാല്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു കപ്പല്‍ സര്‍വിസ് നടത്തുന്നതിനാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഊന്നല്‍ നല്‍കുന്നതെന്നും അഡ്വ. വൈ.എ. റഹീം പറഞ്ഞു.
