ട്രെയിനില്‍ നിന്ന് തെറിച്ചും പ്ലാറ്റ് ഫോമിനിടയില്‍ വീണും രണ്ടുപേര്‍ മരിച്ചു; മംഗളൂരു -ചെെന്നെ മെയിലില്‍ നിന്നാണ് അപകടം

  • Post category:local news / news
  • Reading time:1 min read
You are currently viewing ട്രെയിനില്‍ നിന്ന് തെറിച്ചും പ്ലാറ്റ് ഫോമിനിടയില്‍ വീണും രണ്ടുപേര്‍ മരിച്ചു; മംഗളൂരു -ചെെന്നെ മെയിലില്‍ നിന്നാണ് അപകടം

കാസർകോട്: ഓടുന്ന ട്രെയിനില്‍ നിന്ന് തെറിച്ചു വീണും അതേ വണ്ടിയുടെയും ഫ്ലാറ്റ് ഫോമിൻ്റെയും ഇടയില്‍ പാളത്തിലേക്ക് വീണും വിദ്യാർഥിയും യുവാവും മരിച്ചു. ഒഡിഷ സ്വദേശിയും മംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ ജോലിക്കാരനുമായ സുശാന്ത് (41), കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചും മംഗളൂരു പി.എ കോളജ് എൻജിനീയറിങ് വിദ്യാർഥിയും കൂത്തുപറമ്പ് സ്വദേശിയുമായ റെനിം (19) കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനടുത്ത് വെച്ചുമാണ് അപകടത്തില്‍പെട്ട് മരിച്ചത്.

വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടോടെ മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന മംഗളൂരു -ചെെന്നെ മെയിലില്‍ നിന്നാണ് അപകടം.

കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു.

മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ വണ്ടിയുടെ ചങ്ങല വലിച്ച്‌ നിർത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്.

ഇതേ ട്രെയിനില്‍ നിന്ന് വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന റെനിം തെറിച്ചുവീണ് കാണാതാകുകയായിരുന്നു. ഷിറിയ പുഴയുടെയും കാസർകോടിൻ്റെയും ഇടയില്‍ നിന്നാണ് വിദ്യാർഥിയെ കാണാതായതെന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി പറഞ്ഞു.

സംഭവം അറിഞ്ഞയുടനെ കുമ്പള ഭാഗത്ത് പ്രദേശവാസികളും പൊലീസും ചേർന്ന് തിരച്ചില്‍ ആരംഭിച്ച്‌ ആറ് മണിക്കൂറിന് ശേഷം പന്നിക്കുന്നിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം അതിഥി മന്ദിരത്തിൻ്റെ പിറകിലുള്ള റെയില്‍വേ പാളത്തിനരികെയാണ് മൃതദേഹം കണ്ടെത്തിയത്.

0Shares