
ചെർക്കള(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടിയിൽ മരം കടപുഴകി വീണ് അപകടം. സമീപത്തെ വീടിൻ്റെ മേൽക്കൂര തകർന്നു. നാരംപാടി- പുണ്ടൂർ തോട്ടത്തുമൂല റോഡിലാണ് സംഭവം. സമീപത്തെ പറമ്പിലെ വൻമരം റോഡിന് കുരുക്കെ വീഴുകയായിരുന്നു. റോഡിന് മറുവശമുള്ള വീടിന്റെ മേൽക്കൂരയായണ് മരചില്ലകൾ കൊണ്ട് തകർന്നിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വീടിന്റെ ഷെഡ്ഡും കാർ പാർക്ക് ചെയ്യാനായി നിർമ്മിച്ച ഷെഡ്ഡും തകർന്നു. സമീപത്തുള്ള പത്തോളം വൈദ്യുതി തൂണുകളും കടപുഴകി വീണിട്ടുണ്ട്.


അപകടത്തിൽ ആർക്കും പരിക്കില്ല. മേൽക്കൂര തകർന്ന വീട്ടിലുള്ളവർ ബന്ധു വീട്ടിലേക്ക് പോയതിനാൽ അപകടംകൂടാതെ രക്ഷപെടുകയാണുണ്ടായത്. വെള്ളിയാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് സംഭവം. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് കാരണം വലിയ ദുരന്തമാണ് ഒഴിവായത്. പുണ്ടൂർ, കൊടിമൂല ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. KSEB ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ തീവ്രപരിശ്രമത്തിലാണ്. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നതായി വാർഡ് മെമ്പർ ലത്തീഫ് സി.കെ ചാനൽ ആർ.ബിയോട് പറഞ്ഞു.
