Categories
articles Kerala local news trending

ബി.ജെ.പി കൗൺസിലറുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ; വലിയശാല ഫാം സൊസൈറ്റിയിൽ ലോണായി നൽകിയ 7 കോടിയിൽ നേതാക്കൾ കുടുങ്ങും.?

തിരുവനന്തപുരം: തിരുമല ബി.ജെ.പി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. പൂജപ്പുര സി.ഐ, എസ്.ഐ എന്നിവർ ടീമിലുണ്ട്. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. അനിൽകുമാറിൻ്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി വി ശിവൻ കുട്ടി ആവശ്യപെട്ടിരുന്നു. അനിലിൻ്റെ മരണത്തിൽ രാജീവ് ചന്ദ്രശേഖരനടക്കമുള്ള ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബാങ്ക് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു.

അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ നിന്നും ലോൺ നൽകിയതിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം ഉയർന്നു. കൂടുതലും ലോൺ നൽകിയത് ബിജെപി നേതാക്കൾക്കും സഹപ്രവർത്തകരായ കൗൺസിലർമാർക്കുമാണെന്ന വിവരം ഇതിനിടെ പുറത്തുവന്നു. ലോണെടുത്തവർ തിരിച്ചടവ് നടത്തത്തിലാണ് ക്രമക്കേടുള്ളത്. ലോണെടുത്തവരുടെ പട്ടികയിൽ ബിജെപി സംസ്ഥാന നേതാക്കൾ വരെയുണ്ടെന്നാണ് വിവരം. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അനിലിൻ്റെ കൈപ്പടയിലെഴുതിയ കുറിപ്പിൽ പറയുന്നു. വലിയശാല ഫാം സൊസൈറ്റിയിൽ 7 കോടിയിലധികം രൂപ വായ്പ നൽകിയിരുന്നു. വായ്പ കൊടുത്തവർ പലരും പണം തിരികെ നൽകിയില്ല. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിഞ്ഞില്ല. പണം തിരികെ കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എല്ലാ കുറ്റവും തന്റെ പേരിലായി, താൻ ഒറ്റപ്പെട്ടു. പാർട്ടി നേതൃത്വവും സഹായിച്ചില്ല. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അനിൽ എഴുതിയ ആത്മഹത്യ കുറിപ്പിലുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest