
പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി മയക്കുവെടിവെച്ച് കുട്ടിലാക്കിയതിന് ശേഷം ചത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും ആറു മണിക്കൂറോളമാണ് കമ്പി വേലിയിൽപുലി കുടുങ്ങികിടന്നത്. അതിന് ശേഷമാണ് മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കിയത്. വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിൻ്റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.

ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയാണ് കമ്പിവേലിയിൽ പുലി കുടുങ്ങിക്കിടക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയിരുന്നത്. പുലി ചത്ത സംഭവം ഗൗരവമായി കാണുന്നതായും പോസ്റ്റുമോർട്ട ശേഷം പിഴവ് സംഭവിച്ചോ എന്നത് അറിയാനാകുമെന്നും മേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
