സുമനസുകൾ കനിഞ്ഞാൽ ആതിരയ്ക്കും ജീവിതമുണ്ടാകും; വിദ്യാർത്ഥിനി ചികിത്സാസഹായം തേടുന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing സുമനസുകൾ കനിഞ്ഞാൽ ആതിരയ്ക്കും ജീവിതമുണ്ടാകും; വിദ്യാർത്ഥിനി ചികിത്സാസഹായം തേടുന്നു

കൊളത്തൂർ / കാസർകോട്: ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനി സഹായം തേടുന്നു. കൊളത്തൂർ ബറോട്ടിയിലെ ആതിര(19) ആണ് ബോൺ ട്യൂമർ ബാധിച്ച് കിടപ്പിലായത്.

ചെറിയൊരു മുട്ടുവേദന അനുഭവപ്പെട്ടാണ് മാസങ്ങൾക്ക് മുമ്പ് അടുത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയത്. വേദന മാറാതിരുന്നതോടെ മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പക്ഷേ, രോഗം കണ്ടെത്താനായില്ല.

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വിദഗ്ദ ഡോക്ടർ സംഘത്തിന്‍റെ സൂക്ഷ്മ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബയോപ്സി ചെയ്തതോടെയാണ് ബോൺ ട്യൂമറെന്ന് ഉറപ്പിച്ചതും. നിലവിൽ കോഴിക്കോട് എം.വി.ആർ മെമ്മോറിയൽ ക്യാൻസർ സെന്ററിൽ ചികിത്സയിലാണ്. അപൂർവ്വമായ ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാൻ 20ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

കല്പണിക്കാരനായ അച്ഛൻ അശോകനും രാജശ്രീയും ഇത്രയും ഭീമമായ തുക നൽകി ചികിത്സിക്കാനാവാതെ നിസ്സഹായരാണ്. പീപ്പിൾസ് കോളേജ് ബി.എ മലയാളം രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ആതിര.
എസ്.എഫ്.ഐ യുടെ ബേഡകം ഏരിയ സെക്രട്ടറിയേറ്റ് അംഗം, ബാലസംഘം ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആതിര നാടിന്‍റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന വിദ്യാർത്ഥിനി കൂടിയാണ്. ആതിരയുടെ ചികിത്സയ്ക്കായി ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ മുഖ്യരക്ഷാധികാരിയായി ചികിത്സ കമ്മറ്റി രൂപീകരിച്ചു.

ജില്ലാപഞ്ചായത്ത് അംഗം ഇ.പത്മാവതി ചെയർപേഴ്സണും എ.നാരായണൻ കൺവീനറുമാണ്.
നിലവിൽ കേരള ഗ്രാമീൺ ബാങ്ക് പെർളടുക്കം ശാഖയിലും കൊളത്തൂർ സർവ്വീസ് സഹകരണ ബാങ്കിലും അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ ആതിര സുഖം പ്രാപിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ബന്ധുക്കളും.

കേരള ഗ്രാമീൺ ബാങ്ക് പെർളടുക്കം
ആതിര ചികിത്സ സഹായ കമ്മറ്റി
അക്കൗണ്ട് നമ്പർ: 40519101022498
ഐ.എഫ്.എസ്.സി: KLGB0040519

0Shares