
കാസർകോട്: മണ്ണിൽ പണിയെടുക്കുന്നവരുടെ നിലക്കാത്ത പ്രക്ഷോഭങ്ങൾക്ക് നാന്ദി കുറിച്ച് കെ.എസ്.കെ.ടി.യു സംസ്ഥാന ജാഥ കാസർകോട്ട് നിന്നും വ്യാഴാഴ്‌ച പ്രയാണം തുടങ്ങി. പുതിയ ബസ്‌സ്‌റ്റാണ്ട് പരിസരത്ത് നൂറുകണക്കിന് ആൾക്കാരുടെ സാന്നിധ്യത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ദേശീയ വൈസ്. പ്രസിഡണ്ടുമായ എം.വി ഗോവിന്ദനാണ് ജാഥ ഉദ്‌ഘാടനം ചെയ്‌തത്.

കൃഷി, ഭൂമി, പുതുകേരളം എന്നീ മുദ്രാവാക്യമുയർത്തി സംസ്ഥാനത്താകെ 68 കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തുന്നുണ്ട്. ജാഥയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ അച്ചടിച്ച ലഘുലേഖ വി.ശിവദാസൻ എം പി, കെ.പി സതീഷ് ചന്ദ്രന് നൽകി പ്രകാശനം ചെയ്‌തു. ഉദ്‌ഘാടകൻ എം.വി ഗോവിന്ദനെയും ജാഥാംഗങ്ങളെയും സംഘാടക സമിതി ഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ ജാഥാ അംഗങ്ങൾക്കും കെ.എസ്.കെ.ടി.യു നേതാക്കൾക്കും പുറമെ സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്‌ണൻ, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, കെ.വി കുഞ്ഞിരാമൻ, വി.കെ രാജൻ, സാബു അബ്രഹാം, എം.സുമതി, കെ കുഞ്ഞിരാമൻ, കെ.രമണി, കെ.കണ്ണൻ നായർ എന്നിവരും സന്നിഹിതരായി.
