
സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പൊതുവായുള്ള നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം തുടരും. ടി.പി.ആർ 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.

ബാങ്കുകൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ പൊതുജനങ്ങൾക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താൻ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാർക്ക് മാത്രമായാണ് ഇളവ് നൽകിയിരിക്കുന്നത്.
എ, ബി മേഖലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാർക്കും ജോലിക്കെത്താൻ അനുവാദമായി. സി വിഭാഗത്തിലുള്ളയിടങ്ങളിൽ 25 ശതമാനം ജീവനക്കാർക്ക് ഡ്യൂട്ടിക്കെത്താം. ആൾക്കൂട്ടം ഒഴിവാക്കേണ്ടത് പരമപ്രധാനമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഓർമ്മപ്പെടുത്തി. എല്ലാത്തരം യോഗങ്ങളും പരമാവധി ഓൺലൈനാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
