പിൻവാതിൽ നിയമനത്തിൻ്റെ വാതിലടച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ സർക്കുലർ; പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നികത്തണം, സ്കൂളുകൾക്ക് കർശന നിർദ്ദേശം

You are currently viewing പിൻവാതിൽ നിയമനത്തിൻ്റെ വാതിലടച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ സർക്കുലർ; പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നികത്തണം, സ്കൂളുകൾക്ക് കർശന നിർദ്ദേശം

പീതാംബരൻ കുറ്റിക്കോൽ

കാസർകോട് / തിരുവനന്തപുരം: സ്കൂളുകളിൽ നിലവിലുള്ള അധ്യാപക / അനധ്യാപക തസ്തികകളിലെ താൽക്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് വഴിതന്നെ നിയമിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ സർക്കുലർ. ഇക്കഴിഞ്ഞ മെയ് 25നാണ് സർക്കുലർ എല്ലാ ജില്ലാ കാര്യങ്ങളിലേക്കും അയച്ചത്. പി.എസ്.സിയുടെ പരിധിയിൽ വരാത്ത എല്ലാത്തരം ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് വകുപ്പ് മേധാവികൾക്ക് സർക്കാർ നേരത്തെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ സർവീസിൽ പട്ടികജാതി/ പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനും അവരുടെ അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇതിലൂടെ പിൻവാതിൽ നിയമനം പൂർണമായും ഒഴിവാക്കുകയെന്നതാണ് സർക്കാരിൻ്റെ ലക്‌ഷ്യം.

സർക്കുലർ എല്ലാ സ്കൂളുകൾക്കും വിദ്യാഭ്യാസ ഓഫിസർ മുഖേന നൽകിയതായി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ കെ.വി ചാനൽ ആർ.ബിയോട് പറഞ്ഞു. സ്കൂളുകളിൽ എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് വഴി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പുഷ്പ കെ.വി പറഞ്ഞു. പുതിയ അധ്യയനവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് സർക്കുലർ തുടർനടപടിക്കായി എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ഉത്തരവ് ലഭിച്ചത്. ഇത് വിദ്യാഭ്യാസ ഓഫീസർമാരെയും സ്കൂൾ അധികൃതരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കേരളത്തിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്‌ത്‌ തൊഴിൽ ലഭിക്കുന്നതിനായി 29 ലക്ഷം പേരാണ് കാത്തിരിക്കുന്നതെന്നാണ് കണക്കുകൾ. കൂടുതൽപേർക്കും താൽക്കാലിക നിയമനങ്ങളാണ് ലഭിക്കുന്നത്. സാമുദായിക സംവരണ പട്ടിക അനുസരിച്ച് സീനിയോറിറ്റി, യോഗ്യത, വയസ്സിളവ്, സംവരണം, മുൻഗണന, മറ്റു മാനദണ്ഡങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കാണ് ഇന്റർവ്യു ടെസ്റ്റ് നടത്തി നിയമനം നൽകുന്നത്. നിർദ്ദേശം കർശമാക്കണമെന്നാവശ്യപ്പെട്ട് എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയക്ടർ പൊതുവിദ്യാഭ്യാസ ഡിറക്ടർക്ക് 2022 മെയ് 10 ന് കത്തയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ അയച്ചിരിക്കുന്നത്.

1959 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ Compulsory Notification of Vacancies Act (CNV) പ്രകാരം സർക്കാർ വകുപ്പുകൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / ബോർഡുകൾ / കമ്പനികൾ / കോർപറേഷനുകൾ / സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ പി.എസ്.സിയുടെ പരിധിക്കു പുറത്തുവരുന്ന ഒഴിവുകൾ എംപ്ലോയ്‌മെന്റ് വഴി നികത്തേണ്ടതാണ്. അല്ലാത്തപക്ഷം വകുപ്പുമേധാവികൾക്കും / തലവന്മാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും സൂചന (5), (6), (7) പ്രകാരം കർശന നിർദ്ദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലയിലെ പല സ്കൂളുകളിലും ഇതിനകം സ്വന്തം നിലയിൽ അഭിമുഖം നടത്തി കഴിഞ്ഞു. ചില സ്കൂളുകളിൽ അഭിമുഖത്തിനുള്ള തീയതിയും സമയവും പരസ്യപ്പെടുത്തിയിട്ടുമുണ്ട്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിന് സമയകുറവ് കാണിച്ച് നിർദ്ദേശം മരവിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്തേക്കുമെന്നാണ് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ആശങ്ക. ഇതോടെ മുൻകാലങ്ങളിലെ പോലെ സ്കൂൾ അധികൃതർക്ക് ഇഷ്ടമാക്കാരെ നിയമിക്കുന്നതിനും സ്വജനപക്ഷപാതത്തിനും സാധ്യതയുണ്ടെന്നും, കാലങ്ങളായി ഇത് തുടർന്നാൽ പിൻവാതിൽ നിയമനത്തിന് ആക്കം കൂട്ടുമെന്നുമാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

0Shares