
തിരുവനന്തപുരം: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്‌ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെണ്ട് ആര്‍.ടി.ഒയുടേതാണ് നടപടി. തുടര്‍ച്ചയായ നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി.
സഞ്ജുടെക്കി നടത്തിയ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെണ്ട് ആര്‍.ടി.ഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവര്‍ സഞ്ജുടെക്കിയുടെ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സഞ്ജു ടെക്കിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

നിയമം അറിയാത്തതിനാലാണ് തനിക്ക് ഇത്തരം തെറ്റുകള്‍ പറ്റിയതെന്നായിരുന്നു സഞ്ജുവിൻ്റെ വിശദീകരണം. തൃപ്‌തികരമല്ലാത്ത വിശദീകരണമാണ് സഞ്ജു നല്‍കിയതെന്നും ഇതിനാലാണ് ലൈസന്‍സ് റദ്ദാക്കുന്നതെന്നുമാണ് എന്‍ഫോഴ്‌സ്‌മെണ്ട് ആര്‍.ടി.ഒ അറിയിച്ചു.
കാറിനുള്ളില്‍ സ്വിമ്മിങ് പൂളൊരുക്കിയുള്ള സഞ്ജു ടെക്കിയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. വാഹനമോടിച്ച ആളുടെ ലൈസന്‍സ് റദ്ദാക്കാനും വാഹനത്തിൻ്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടികളെ പരിഹസിച്ച് സഞ്ജു വിഡിയോ ഇട്ടതോടെയാണ് വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു.
സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുട്യൂബ് വ്‌ലോഗറുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടായാല്‍ അറിയിക്കണമെന്നും ആയിരുന്നു ഹൈക്കോടതി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.
