
✍️ സിദ്ദീഖ് ചമ്പാടൻ എഴുതുന്നു: നിയമസഭ തെരഞ്ഞെടുപ്പ് ആഗതമായി. പോളിംഗിനായി ദിവസങ്ങളാണ് അവശേഷിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വോട്ട് പെട്ടിയിലാക്കാനുള്ള തിരക്കിലാണ്. വികസനവും അഴിമതിയും അടക്കം എല്ലാ വിവാദങ്ങളും ഈ ഘട്ടം തലപൊക്കും. എന്നാൽ എന്തുകൊണ്ട് സ്വർണ്ണ കൊള്ള ഈ തെരഞ്ഞടുപ്പിൽ വിഷയമാകുന്നില്ല.? ഇലക്ഷൻ അടുത്ത ഈ സമയത്ത് സ്വർണ്ണ കൊള്ള തിളച്ച് മറിയും എന്നായിരുന്നു കേരളം ഉറ്റുനോക്കിയത്. പക്ഷെ അതിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നേ ഇല്ല. ഇടതിനും വലതിനും മിണ്ടാട്ടമില്ല. അവർ മറന്നുപോയതാണോ.? അതോ മറക്കാൻ ശ്രമിക്കുന്നതാണോ.? ഒരു പക്ഷെ ഇടതും വലതും ചേർന്നായിരിക്കും സ്വർണ്ണ കൊള്ള നടത്തിയത്. അതുകൊണ്ടായിരിക്കും ആർക്കും അതേകുറിച്ച് ഇപ്പോൾ മിണ്ടാട്ടം ഇല്ലാത്തത്, അല്ലെ.? “പൊളിറ്റിക്കൽ നക്സസ്”
കഴിഞ്ഞ ഉമ്മൻ ചാണ്ടിസർക്കാറിനെ താഴെ ഇറക്കാൻ ഇടത് കൊണ്ടുവന്ന രാഷ്ട്രീയ ആയുധമാണല്ലോ.? സോളാർ കേസ്. കഴിഞ്ഞ 10 വർഷം LDF അധികാരത്തിൽ ഇരുന്നിട്ട് ആരെയെങ്കിലും ശിക്ഷിച്ചതായി നിങ്ങൾ അറിഞ്ഞോ.? സോളാർ കേസിൽ ഇരുമുന്നണി നേതാക്കളും പങ്കാളികളാണന്നാണ് അന്വേഷണ കമീഷൻ കണ്ടെത്തിയത്. അത് ഞാൻ അറിഞ്ഞു. ഇതൊക്കെയല്ലേ “പൊളിറ്റിക്കൽ നക്സസ്”
ഇടത് – വലത് മുന്നണികൾ കൂട്ടുകൃഷിയാണല്ലോ ഇതുവരെ കേരളത്തിൽ നടത്തിയത്. ഓരോ കൊള്ളയും തട്ടിപ്പും കേരളത്തിൽ നടക്കുമ്പോൾ രാഷ്ട്രീയ ചർച്ചയും പ്രതിഷേധവും നടക്കുന്നത് സ്വാഭാവികം. അല്ലാതെ എത്ര നേതാക്കൾ അകത്തായി.? ആരൊക്കെ ജാമ്യം കിട്ടാതെ ജയിലിലുണ്ട്. ഇല്ല, ഒരാളും ഇല്ല. ഒരു നേതാവിനേയും ജയിലിലാക്കാൻ നിലവിലെ രാഷ്ട്രീയ നേതാക്കൾക്ക് കഴിയില്ല. അവർ എല്ലാവരും പരസ്പര സഹകരണം ഉള്ളവരാണ്. കേരളത്തിൽ വി.എസ് എന്ന നേതാവ് ഉള്ളപ്പോൾ മാത്രമാണ് രാഷ്ട്രീയ കേസിൽ വിധി വന്നതും അറസ്റ്റും രാഷ്ട്രീയ നേതാവിൻ്റെ ജയിൽ വാസവുമെല്ലാം നാം കണ്ടത്. ബാക്കി എല്ലാം മലയാളികളുടെ കണ്ണിൽ പൊടിയിടാനുള്ള ചില കോപ്രായങ്ങൾ മാത്രമാണ്. ചില സംഭവങ്ങൾ ഉണ്ടായാൽ ചാനലുകൾ അന്തിചർച്ച നടത്തും അതോടെ തീരും. നേതാക്കൾക്ക് സുഖ ജീവിതം. ജനം പൊറുതിമുട്ടും. നിലവിലെ സാഹചര്യത്തിൽ ഇരു മുന്നണികളും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ തന്നെയാണ്. അടുത്ത ഭരണം യുഡിഎഫ് നേടിയാലും കേരളം ഇതുപോലെ അങ്ങനെ മുന്നോട്ട് നീങ്ങും. പരസ്പരം കുറ്റം പറഞ്ഞും പ്രതിഷേധിച്ചും. അല്ലാതെ കാര്യമായി ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർഥ്യം. മുൻകാല ഭരണം നമ്മെ പഠിപ്പിച്ചത് അങ്ങനെയാണല്ലോ.?

ക്രിയാത്മകമായ എന്ത് മാറ്റമാണ് കേരളത്തിലുള്ളത്. ജോലി തേടിയുള്ള യുവാക്കളുടെ കൊഴിഞ്ഞു പോക്ക് തടയാനാകുന്നുണ്ടോ.? അവർ വിവിധ രാജ്യങ്ങളിൽ സ്ഥിര താമസമാക്കുന്നു. നമ്മുടെ ആരോഗ്യ രംഗം മികച്ചത് എന്ന പറയുന്ന ഭരണകൂടം, മുഖ്യമന്ത്രിയുടെ ചികിത്സ അങ്ങ് അമേരിക്കയിൽ നടത്തുന്നു. ഏറ്റവും കൂടുതൽ കടൽ തീരം ഉണ്ടായിട്ടും അതിനെ പ്രയോജനപ്പെടുത്തി ടുറിസം മേഖലയിൽ വരുമാനം കണ്ടത്താനാകുന്നില്ല. ലോകത്ത് ഏറ്റവും മികച്ച കുരുമുളക് അടക്കമുള്ള നിരവധി ഉൽപന്നങ്ങൾ ഉണ്ടായിട്ടും അതിനെ ആഗോള തലത്തിൽ വിപണി കണ്ടെത്തി നമ്മുടെ സമ്പത്ത് വ്യവസ്ഥക്ക് വലിയ മുതൽകൂട്ടാക്കാൻ ഭരകൂടം ശ്രമിക്കുന്നില്ല. മഴ സുലഭമായി ലഭിക്കുന്ന നമ്മുടെ നാട്ടിൽ ജൈവ കൃഷി കൂടുതൽ ഉൽപാദിപ്പിച്ച് വിദേശ വിപണി വലിയ രീതിയിൽ ഉപയോഗ പെടുത്തുന്നില്ല. കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികൾ ഇപ്പോഴും തമിഴ്നാട് കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമാണ്. അതും രാസവളം ഉപയോഗിച്ചത്. അരി ഉൽപന്നങ്ങൾക്കായി നാം ഇപ്പോഴും ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെയാണ്.
മഴവെള്ളം ശുദ്ധീകരിച്ച് വിദേശ വിപണി കണ്ടെത്തിയാൽ കേരളത്തിന് കോടികൾ വരുമാനം ഉണ്ടാക്കാം, എന്നിട്ടും നാം ഇപ്പോഴും ആശ്രയിക്കുന്നത് മദ്യവും ലോട്ടറിയും വിൽപന നടത്തിയുള്ള വരുമാനമാണ് എന്നത് നമുക്ക് നാണക്കേടാണ്. ഉമ്മൻചാണ്ടി സർക്കാർ നിർത്തലാക്കിയ മദ്യം പിണറായി ഭരണകാലത്ത് സുലഭമാക്കി. കേരളത്തെ കുടിപ്പിച്ച് കുടുപ്പിച്ച് മയക്കി കിടത്തും. എന്നാലല്ലേ രാഷ്ട്രീയ ലാഭം കൊയ്യാനാകുകയുള്ളു.
രണ്ട് മുന്നണിക്ക് ബദലായി NDA സഖ്യം കേരളത്തിൽ വന്നാൽ എന്തെങ്കിലും നേട്ടം ഉണ്ടാകുമോ.? ഒരിക്കലുമില്ല, കാരണം അവർ ആദ്യം ഭരണം കിട്ടിയ സംസ്ഥാനങ്ങളിൽ ആദ്യം കക്കൂസ് പണിയട്ടെ. എന്നിട്ട് മതി ഒരു വീട്ടിൽ നാലും അഞ്ചും കക്കുസുള്ള കേരളത്തിലേക്കുള്ള വരവ്. NDA കേരളത്തിണ് ആവശ്യമായ രാഷ്ട്രീയ മുന്നണി അല്ല. കാരണം അവർ വർഗീയ വിഷം ചീറ്റുന്നവരാണ്. കേരളത്തിലെ മത മൈത്രിക്ക് മുന്നിൽ ബിജെപിക്ക് പിടിച്ചുനിൽക്കാനാവില്ല. കേരളത്തിൽ രാഷ്ട്രീയ മാറ്റമല്ല വേണ്ടത്. രാഷ്ട്രീയത്തിലെ തലമുറ മാറ്റമാണ്. നല്ല വികസന കാഴ്ചപ്പാടുള്ള തലമുറ ഭരണത്തിൽ എത്തണം. ആദ്യം രാഷ്ട്രീയത്തിൽ പ്രായം നിശ്ചയിക്കണം. പരമാവധി 65 വയസ്സ്. കൂടാതെ ഒരു വ്യക്തിക്ക് 10 വർഷത്തെ സമാജികത്വവും. 10 വർഷം ഒരാൾ നിയമ സഭാ സാമാജികനായാൽ നിയമം തന്നെ അയാളെ മാറ്റി നിർത്തണം. അല്ലാതെ കേരളം നന്നാവില്ല.
