പട്ടാപ്പകല്‍ വാതില്‍പ്പടിയില്‍ റോസ്ലിയുടെ തല വെട്ടിമുറിച്ചത് അയല്‍ വീട്ടിലുള്ളവര്‍ കണ്ടിട്ടുണ്ടാവില്ലേ; പൊലീസ് ചോദ്യത്തിന് ഭഗവല്‍ സിംഗിൻ്റെ മറുപടി ഇങ്ങനെ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പട്ടാപ്പകല്‍ വാതില്‍പ്പടിയില്‍ റോസ്ലിയുടെ തല വെട്ടിമുറിച്ചത് അയല്‍ വീട്ടിലുള്ളവര്‍ കണ്ടിട്ടുണ്ടാവില്ലേ; പൊലീസ് ചോദ്യത്തിന് ഭഗവല്‍ സിംഗിൻ്റെ മറുപടി ഇങ്ങനെ

പത്തനംതിട്ട: ഇരട്ട നരബലിയില്‍ കൊല്ലപ്പെട്ട റോസ്ലിയുടെ സ്വര്‍ണമോതിരം ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും റോസ്ലിയെ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച രണ്ടു കത്തികള്‍ ഭഗവല്‍സിംഗിൻ്റെ വീട്ടിലെ അടുക്കളയില്‍ നിന്നും കണ്ടെടുത്തു.

റോസ്ലിയുടെ ഏഴ് ഗ്രാം മോതിരം രണ്ടായിരം രൂപയ്ക്കാണ് ഭഗവല്‍സിംഗ് പണയം വച്ചതെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. സ്ഥിരം കാണുന്ന ഇലന്തൂര്‍ സ്വദേശിയായതിനാല്‍ ഭഗവല്‍സിംഗില്‍ സംശയം തോന്നിയില്ല. മോതിരം ചളുങ്ങിയ നിലയിലായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു. പ്രതികളെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. റോസ്ലിയുടെ മറ്റ് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കണ്ടെത്താനുണ്ട്.

റോസ്ലിയെ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച രണ്ടു കത്തികള്‍ ഭഗവല്‍സിംഗിൻ്റെ വീടിൻ്റെ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളില്‍ വച്ച്‌ റോസ്ളിയെ വെട്ടിമുറിച്ച ശേഷം അടുക്കള വാതില്‍പ്പടിയില്‍ വച്ച്‌ തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവല്‍സിംഗും ലൈലയും മൊഴി നല്‍കി. വാതില്‍ തുറന്നിട്ട ശേഷം വെട്ടിയത് അയല്‍ വീട്ടിലുള്ളവര്‍ കണ്ടിട്ടുണ്ടാവില്ലേ എന്ന് പൊലീസ് ചോദിച്ചപ്പോള്‍, അടുക്കള വാതിലില്‍ നിന്ന് കാണാവുന്ന വീടുകളില്‍ ആള്‍ത്താമസമില്ലെന്ന് ഭഗവല്‍സിംഗ് മറുപടി നല്‍കി.

കൊലപാതകങ്ങള്‍ ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്‌കരിച്ചു. റോസ്ലിയെ മറവുചെയ്ത കുഴിയില്‍ നിന്ന് ഫോറന്‍സിക് വിഭാഗം മണ്ണ് ശേഖരിച്ചു. ആദ്യമായാണ് റോസ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയത്. നേരത്തെ, പദ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് നാല് തവണ പ്രതികളെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കാലടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

ഷാഫിയുമായി ബന്ധമുള്ള പ്രതികളെ നിരീക്ഷിക്കുന്നു

നരബലി കേസില്‍ ഷാഫി ഉള്‍പ്പെട്ട മറ്റ് ക്രിമിനല്‍ കേസുകളിലെ കൂട്ടുപ്രതികള്‍ക്ക് റോസ്ലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. കട്ടപ്പന, രാജകുമാരി, മലയാറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ ഷാഫി മുമ്പ് താമസിച്ചിരുന്നു. ഇവിടങ്ങളിലും ഷാഫിയുമായി എത്തി തെളിവുകള്‍ ശേഖരിക്കേണ്ടതായുണ്ടന്ന് പൊലീസിൻ്റെ കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

0Shares