
കാസർകോട്: ജില്ലയില്‍ കോവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ഓമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) കെ.ആര്‍ രാജന്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെയായി 1075587 പേര്‍ ആദ്യ ഡോസ് വാക്‌സിനേഷനും 961993 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചു.
അതേസമയം, ജില്ലയില്‍ ജനുവരി 10 മുതല്‍ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയായ ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് 19 മുന്നണി പോരാളികള്‍, ഗുരുതര രോഗബാധിതര്‍, 60ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഇതുവരെയായി ഈ വിഭാഗത്തില്‍ 1095 പേരാണ് കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്.

ജില്ലയില്‍ 15 – 18 പ്രായമുള്ള 20313 പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് . ഈ വിഭാഗത്തില്‍ 40183 പേര്‍ വാക്‌സിന്‍ സ്വീകരിക്കാനുണ്ട്. ഇതിനായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ , ജനപ്രതിനിധികള്‍ എന്നിവരുടെ സഹായ സഹകരണം ഉണ്ടാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചാല്‍ രോഗം വരാനും ഗുരുതരമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച കോവിഡ് 19 രോഗികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുകയുള്ളൂ. വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍, രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവര്‍, 15 – 18 പ്രായമുള്ളവര്‍ , കരുതല്‍ ഡോസ് എടുക്കാനുള്ളവര്‍ , എന്നിവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ എടുക്കണം. വാക്‌സിനേഷന്‍ സ്വീകരിച്ചാലും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
കൈകള്‍ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുകയോ സാനിറ്റയ്‌സര്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യണം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണം. കൃത്യമായ ശാരീരിക അകലം പാലിക്കണം.
വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും യോഗങ്ങളും ചടങ്ങുകളും , സാമൂഹ്യ , രാഷ്ട്രീയ , സംസ്‌കാരിക സാമൂദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുന്ന യോഗങ്ങള്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചു സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും മാത്രമേ നടത്തുന്നുള്ളു എന്നുള്ളത് സംഘാടകര്‍ ഉറപ്പ് വരുത്തണം . അടച്ചിട്ട മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ . ഓഫീസുകളിലേയും സ്ഥാപനങ്ങളിലെയും ജീവനക്കാരും കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
