
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾ ഗർഭിണികളായ സംഭവത്തിൽ പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. കാസറഗോഡ് ജില്ലയിലെ രാജപുരം, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ച് ഗര്‍ഭിണികളാക്കി എന്നാണ് പറയുന്നത്. രാജപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ണ്ണാടക സ്വദേശിയായ സിദ്ധാര്‍ത്ഥ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നടന്നത് അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് മാറ്റിയിട്ടുണ്ട്. കര്‍ണ്ണാടക സ്വദേശിനിയായ പെണ്‍കുട്ടി വര്‍ഷങ്ങളായി അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം താമസിച്ചുവരുന്നു. ഇതിനിടയിലാണ് സിദ്ധാര്‍ത്ഥ് വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നു വ്യക്തമായത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടർന്ന് രാജപുരം പോലീസ് എത്തിയാണ് മൊഴി രേഖപ്പെടുത്തി പോക്‌സോ പ്രകാരം കേസെടുത്തത്.
ഇതിന് സമാനമായ സംഭവമാണ് നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലും നടന്നത്. 17വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നീലേശ്വരം പൊലീസ് 19 വയസ്സുള്ള തെങ്ങുകയറ്റ തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ കൂടി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പം കൂടിയ യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് കേസ്. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കര്‍ണ്ണാടക സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. തുടർന്ന് നീലേശ്വരം പോലീസിനെ വിവരം അറിയിച്ചു. ഇതോടെ സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. സംഭവത്തിൽ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
