കാസർകോട് എം.പിക്കുമുന്നിൽ അടക്ക കർഷകരുടെ പരാതി പ്രവാഹം; മുളിയാർ പഞ്ചായത്ത് ഓഫീസും, കമ്യൂണിറ്റി കിച്ചണും സന്ദർശിച്ച എം.പി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് മടങ്ങിയത്; പ്രശ്നം ഗുരുതരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

You are currently viewing കാസർകോട് എം.പിക്കുമുന്നിൽ അടക്ക കർഷകരുടെ പരാതി പ്രവാഹം; മുളിയാർ പഞ്ചായത്ത് ഓഫീസും, കമ്യൂണിറ്റി കിച്ചണും സന്ദർശിച്ച എം.പി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് മടങ്ങിയത്; പ്രശ്നം ഗുരുതരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

മുളിയാർ(കാസർകോട്): കോവിഡ് ബാധിത റെഡ്‌സോൺ – ഹോട്സ്‌പോട് മേഖലയിൽ ഉൾപ്പെട്ട മുളിയാർ ഗ്രാമ പഞ്ചായത്ത്‌ ഓഫീസും, കമ്മ്യൂണിറ്റി കിച്ചനും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു.
ജനപ്രധിനിധികളോടും, രാഷ്ട്രിയ സാമൂഹ്യ പ്രവർത്തകരോടും പഞ്ചായത്തിലെ ജനകീയ പ്രശ്നങ്ങളും ദുരിതങ്ങളും എം.പി ചോദിച്ചറിഞ്ഞു.

മുളിയാർ പ്രദേശത്തെ ഭൂരിപക്ഷ കർഷകരും അടയ്ക്ക കൃഷിക്കാരാണ്. കോവിഡ് കാലത്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാരിൻ്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പരാതി ഉയർന്നു. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ വിളവെടുപ്പിനു ശേഷം ഉണക്കിയെടുത്താണ് അടയ്ക്ക മാർക്കറ്റി ലെത്തുന്നത്. അടയ്ക്ക സംഭരിക്കുന്ന സഹകരണ സ്ഥാപനമായ കാംപ്കോയും, മറ്റു സ്വകാര്യ കച്ചവടക്കാരും ലോക്ക് ഡൗണിനെ തുടർന്ന് വിപണി അടച്ചിട്ടിരിക്കുകയാണ്. ആഴ്ചയിൽ ഒരു ദിവസം മുള്ളേരിയലെ കാംപ്കോ ഏജൻസി അടയ്ക്ക എടുക്കാമെന്ന തീരുമാനം ആയിട്ടുണ്ടെങ്കിലും നാമമാത്രമായ ആളുകൾക്കു മാത്രമേ ടോക്കൺ നൽകിയിട്ടുള്ളൂ. ഒരാളിൽ നിന്നും ഒരു ക്വിന്റൽ അടയ്ക്ക എടുക്കാൻ മാത്രമാണ് തീരുമാനം ആയിട്ടുള്ളത്. ആയിരക്കണക്കിനുള്ള കൃഷിക്കാർക് ഈ സൗകര്യം അപര്യാപ്തമാണ്.

മഴക്കാലത്തിൻ്റെ തുടക്കത്തോട് കൂടി കർഷകർ സംഭരിച്ചിരിക്കുന്ന അടയ്കയുടെ ക്വാളിറ്റി നഷ്ടമാവുകയും ഉൽപ്പന്നത്തിന് വില ലഭിക്കാതെ വരികയും ചെയ്യും. ഭൂരിപക്ഷം കൃഷിക്കാർക്കും ഉണക്കടക സംഭരിച്ചു വയ്ക്കുവാനുള്ള സൗകര്യവും പരിമിതമാണ്. അടയ്ക്ക കൃഷിക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജനപ്രധിനിതികളും ബന്ധപ്പെട്ടവരും എം.പിയോട് ആവശ്യപ്പെട്ടു. അടിയന്തിര പ്രാധാന്യത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപെടുത്തി പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ഉറപ്പ് നൽകി.

കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന രാമചന്ദ്രൻ, മുളിയാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാലിദ് ബെള്ളിപ്പാടി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഗീത ഗോപാലൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌അംഗങ്ങളായ ബിന്ദു ശ്രീധരൻ, അനീസ മൻസൂർ മല്ലത്ത്, പഞ്ചായത്ത്‌ സെക്രട്ടറി ഗീത കുമാരി, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സി.അശോക് കുമാർ, സി.പി.എം.ലോക്കൽ സെക്രട്ടറി ടി.ബാലകൃഷ്ണൻ, മുസ്ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി എസ്.എം മുഹമ്മദ്‌ കുഞ്ഞി, ബി.സി കുമാരൻ, മൻസൂർ മല്ലത്ത്, സ്വരാജ് കാനത്തൂർ, സിദ്ധീഖ് ബോവിക്കാനം, ഷെരീഫ് മല്ലത്ത്, റഹിം അബ്ബാസ്, ശെരീഫ് പൊവ്വൽ എന്നിവർ സംബന്ധിച്ചു.

0Shares