
തിരുവനന്തപുരം: പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതിയാണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടതാണ്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് മാന്യതയും ധാർമ്മികതയും ഉണ്ട്. അത് ഇല്ലാത്ത യുവ രാഷ്ട്രീയക്കാരനായ രാഹുൽ വിഷയത്തിൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുകയും, കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ലൈംഗിക പീഡന ആരോപണങ്ങളിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
