വീണാ വിജയന് സ്വകാര്യ കമ്പനി മൂന്നുവർഷത്തിനിടെ 1.72 കോടി നൽകിയതായി ആദായ നികുതി വകുപ്പ്; കോൺഗ്രസ് നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും പണം നൽകിയതിൻ്റെ തെളിവുകൾ

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing വീണാ വിജയന് സ്വകാര്യ കമ്പനി മൂന്നുവർഷത്തിനിടെ 1.72 കോടി നൽകിയതായി ആദായ നികുതി വകുപ്പ്; കോൺഗ്രസ് നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും പണം നൽകിയതിൻ്റെ തെളിവുകൾ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണക്ക് ഒരു സ്വകാര്യ കമ്പനി പ്രത്യേക സേവനമൊന്നും നൽകാതെ മൂന്നുവർഷത്തിനിടെ 1.72 കോടി രൂപ നൽകിയതായി ആദായ നികുതി വകുപ്പ്. ഈ പണം നൽകിയത് ‘പ്രമുഖ വ്യക്തി’യുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇൻ്റെറിം സെറ്റിൽമെണ്ട് ബോർഡിൻ്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചു.

സി.എം.ആർ.എൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ് സുരേഷ് കുമാറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും പണം നൽകിയതിൻ്റെ തെളിവുകൾ ലഭിച്ചത്. ഈ പരിശോധനയിൽ സി.എം.ആർ.എലുമായി ടി.വീണയും എക്സാ‌ലോജിക്കും തമ്മിലെ കരാറുകളുടെ രേഖയും ലഭിച്ചു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയാണ് ടി.വീണയ്ക്ക് ഈ പണം നൽകിയത്. സി.എം.ആർ.എലുമായി ടി.വീണയും ടി.വീണയുടെ ഉടമസ്ഥതയിലെ എക്സാലോജിക് സൊല്യൂഷ്യൻസ് എന്ന സ്ഥാപനവും ഐടി, സോഫ്റ്റ്‌വെയർ, മാർക്കറ്റിങ് കൺസൽറ്റൻസി എന്നീ സേവനങ്ങൾ ലഭ്യമാക്കാൻ കരാറുണ്ടാക്കിയിരുന്നു. ഈ കരാർപ്രകാരം മാസം തോറും പണം നൽകിയാതായി സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എസ്.എൻ ശശിധരൻ കർത്താ ആദായനികുതി വകുപ്പിന് മൊഴി നൽകി.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ പുതിയ ആരോപണത്തിൽ വിശദീകരണവുമായി CMRL ജോയിണ്ട് എം.ഡിയും CMRL എം.ഡി ശശിധരൻ കർത്തയുടെ മകനുമായ ശരൺ എസ്. കർത്ത രംഗത്തെത്തി. എക്‌സാലോജിക്കിന് പണം നൽകിയിട്ടുണ്ടെന്ന് ശരൺ സ്ഥിരീകരിച്ചു. കമ്പനിയിൽ നിന്ന് പൂർണമായ സേവനങ്ങൾ ലഭിച്ചില്ലെങ്കിലും, ചില സർവീസുകൾ ലഭിച്ചിട്ടുണ്ട്. വീണയുടെ കുടുംബ പശ്ചാത്തലം നോക്കിയല്ല, പ്രൊഫഷണൽ ബാക്ക് ഗ്രൗണ്ട് നോക്കിയാണ് കരാർ നൽകിയത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അറിയാമെന്നും മുഖ്യമന്ത്രിയെ തൃപ്‌തിപ്പെടുത്തി കൊണ്ട് തങ്ങൾക്കൊന്നും നേടാനില്ലെന്നും ശരൺ എസ്. കർത്ത പറഞ്ഞു.

ടി.വീണയിൽനിന്ന് ഐ.ടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾക്കായി 2016 ഡിസംബറിൽ പ്രതിമാസം അഞ്ചുലക്ഷം രൂപയുടെ കരാറുണ്ടാക്കിയ സി.എം.ആർ.എൽ സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ പ്രതിമാസം മൂന്നുലക്ഷം രൂപയുടെ മറ്റൊരു കരാറുമുണ്ടാക്കി.

കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷവും എക്സാലോജിക്കിന് 1.17 കോടിയുമായി ആകെ 1.72 കോടി രൂപ സി.എം.ആർ.എൽ നൽകി. എന്നാൽ കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്കും അറിയില്ലെന്ന് സി.എം.ആർ.എലിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ് സുരേഷ് കുമാറും ചീഫ് ജനറൽ മാനേജർ പി.സുരേഷ് കുമാറും മൊഴി നൽകി. കർത്തയും കമ്പനി ഉദ്യോഗസ്ഥരും പിന്നീട് മൊഴി പിൻവലിക്കാനായി ഒരു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു എങ്കിലും നിയമ വിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നൽകിയതെന്ന വാദത്തിൽ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.

2017–20 കാലത്ത് മൊത്തം 1.72 കോടി രൂപയാണ് ടി.വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാത്ത സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെണ്ട് ബോർഡ് ബെഞ്ച് വ്യക്തമാക്കി.

ബാങ്ക് മുഖേനയാണ് ഈ പണം നൽകിയത്. ബിസിനസ് ചെലവുകൾക്ക് പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എങ്കിലും പകരം സേവനങ്ങൾ ലഭ്യമാകാത്തതിനാൽ ടി.വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിൻ്റെ ഗണത്തിൽ പെടുത്തണമെന്ന ആദായനികുതി വകുപ്പിൻ്റെ വാദം ബെഞ്ച് അംഗീകരിച്ചു.

സി.എം.ആർ.എലിൻ്റെ ഓഫിസിലും ഫാക്ടറിയിലും എം.ഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് 2019 ജനുവരി 25ന് പരിശോധന നടത്തിയിരുന്നു. 2013–14 മുതൽ 2019–20 വരെയുള്ള നികുതിയടവ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതി വെട്ടിച്ചതായി പരിശോധനയിൽ കണ്ടെത്തി. സി.എം.ആർ.എലും ശശിധരൻ കർത്തയും 2020 നവംബറിൽ നൽകിയ സെറ്റിൽമെണ്ട് അപേക്ഷയിലാണ് 2023 ജൂൺ 12ന് ബോർഡ് ഉത്തരവിട്ടത്.

ആദായനികുതി നിയമത്തിലെ 245എഎ വകുപ്പ് പ്രകാരമുള്ളതാണ് ഇൻ്റെറിം സെറ്റിൽമെണ്ട് ബോർഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിന് വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നൽകുന്ന സെറ്റിൽമെണ്ട് അപേക്ഷയാണ് ബോർഡ് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പ് എതിർകക്ഷിയായി വാദങ്ങൾ ഉന്നയിക്കും. അപേക്ഷ തീർപ്പാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. 2016 മെയ് 25നാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലെ ആദ്യ എൽ.ഡി.എഫ് സർക്കാർ നിലവിൽ വന്നത്.

0Shares