കാഞ്ഞങ്ങാട് നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; പരിപാടിയുടെ വിജയത്തിനായി ജനകീയ കൂട്ടായ്മ

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; പരിപാടിയുടെ വിജയത്തിനായി ജനകീയ കൂട്ടായ്മ

കാഞ്ഞങ്ങാട് നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പരിപാടിയുടെ വിജയത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള അധ്യക്ഷനായി. മെയ് 16,17,18 തീയതികളില്‍ നഗരസഭയില്‍ ജനകീയ ശുചീകരണ കാമ്പയിന്‍ നടത്തും.

മലിനജലം കെട്ടിനിന്ന് കൊതുകും എലിയും പെരുകാന്‍ സാധ്യതയുള്ളതുമായ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി നഗരസഭ ആരോഗ്യ വിഭാഗവും കുടുംബശ്രീ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ചേര്‍ന്ന് ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. ഓടകള്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, ഗാര്യേജുകള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി വീടുകള്‍കളും പരിസരങ്ങളും ശുചീകരണത്തില്‍ ഉള്‍പ്പെടുത്തും.

അജൈവമാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ഹരിതകര്‍മസേന വരുന്ന മുറയ്ക്ക് കൈമാറാം. എം.സി.എഫുകളിലും ആര്‍.ആര്‍.എഫുകളിലും നിറഞ്ഞുകിടക്കുന്ന അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കും. ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനായി മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത പറഞ്ഞു.

സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ.ലത, പി.അഹമ്മദലി, കെ.അനീശന്‍, കൗണ്‍സിലര്‍മാരായ കെ. കെ ജാഫര്‍, കെ.കെ ബാബു, പി.വീണ, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി സരസ്വതി സ്വാഗതം പറഞ്ഞു.

0Shares