
പത്തനാപുരം ടൗണിലെ ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിന് പിന്നിൽ കുറുവാ സംഘമെന്ന് പോലീസ് നിഗമനം. മലയോര മേഖലയിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും പത്തനാപുരം സി.ഐ എൻ. സുരേഷ്‌കുമാർ പറഞ്ഞു. രാജേഷിന്‍റെ ഉടമസ്ഥതയിലുള്ള വിനായക ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് സൂചന.
മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് പേർ വന്നിറങ്ങുന്നതും സി.സി.ടി.വി തുണി കൊണ്ട് മറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൂന്ന് പൂട്ടുകളിൽ മുൻവശത്തെ പൂട്ട് പൊളിച്ചെങ്കിലും ഷട്ടറിനുള്ളിലെ പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മോഷണശ്രമം ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞത്. പത്തനംതിട്ട-കൊല്ലം ജില്ലകളുടെ മലയോര മേഖലകളിലാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. ആളില്ലാത്ത വീടുകൾ, ഒറ്റയ്‌ക്കോ, പ്രായമുള്ളവരോ, സ്ത്രീകളോ താമസിക്കുന്ന വീടുകളിൽ മോഷണം നടത്തും. എതിർക്കുന്നവരെ അപായപ്പെടുത്തുന്ന സംഘം കൂടിയാണ് കുറുവാ സംഘം.

വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദേശമുണ്ട്ഓണം അവധിക്ക് യാത്ര പോകുന്നവർ സമീപത്തുള്ള വീടുകളിലും പോലീസിലും വിവരം അറിയിക്കണം. തേങ്ങാ പൊതിക്കുന്ന പാര, മറ്റ് ആയുധങ്ങൾ എന്നിവ വീടിന് പുറത്ത് വയ്ക്കരുത്. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ പണം സൂക്ഷിക്കരുത്. പരിചയമില്ലാത്തവരെ വീട്ടിൽ കയറ്റരുതെന്നും നിർദേശമുണ്ട്.
