
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. സര്‍ട്ടിഫിക്കറ്റിൻ്റെ വിശദശാംശങ്ങള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നല്‍കണമെന്ന ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
കെജ്രിവാളിന് 25,000 രൂപ പിഴയും ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിൻ്റെ സിംഗിള്‍ ബെഞ്ച് ചുമത്തി. 2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ അപേക്ഷകനായ കെജ്രിവാളിന് നല്‍കണമെന്ന് ഉത്തരവിട്ടത്.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. ശ്രീധര്‍ ആചാര്യലു ആണ് ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കും ദില്ലി സര്‍വ്വകലാശാലയ്ക്കും ഈ നിര്‍ദേശം നല്‍കിയത്. കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍വകലാശാലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1978ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983ല്‍ ദില്ലി സര്‍വ്വകശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി എന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഇതിൻ്റെ വിവരങ്ങള്‍ നല്‍കണം എന്നായിരുന്നു കെജ്രിവാളിൻ്റെ ആവശ്യം.
