
കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് ശേഷം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഇന്നസെന്‍റിൻ്റെ മൃതദേഹം എത്തിച്ചു.
ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയായി ഇന്നസെന്‍റിൻ്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യയ്ക്കൊപ്പമെത്തി അന്തിമോപചാരമർപ്പിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്. ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ചൊവാഴ്‌ചയാണ് സംസ്‌കാരം നടക്കുക. അതുല്യ കാലാകാരനെ ഒരു നോക്ക് കാണാനായി ആയിരങ്ങൾ ആണ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.
വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ഇന്നസെന്‍റിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറയ്ക്കുന്നതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തി.
അനുസ്മരിച്ച് രാഹുൽ ഗാന്ധി
നടനും ചാലക്കുടി മുൻ എം.പിയുമായ ഇന്നസെന്‍റിൻ്റെ നിര്യാണത്തിൽ അനുസ്മരണം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.”ഇന്നസെന്‍റിൻ്റെ വിയോഗ വാർത്ത കേൾക്കുന്നതിൽ ദുഖമുണ്ട്. അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു.

തൻ്റെ അഭിനയ മികവ് കൊണ്ട് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും കാൻസറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിൻ്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം.”
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.
നടൻ മമ്മൂട്ടിയും ദുല്‍ഖർ സൽമാനും എത്തി
ഇന്നസെന്‍റിന് ആദരാഞ്ജലി അർപ്പിക്കാൻ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ നടൻ മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ മകൻ ദുൽകർ സൽമാനും എത്തി. അവസാനമായി ഒരു നോക്ക് കാണാൻ നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു.
