പാർട്ടിക്ക് സഹകരണ ആശുപത്രി ആരംഭിക്കാൻ ജനങ്ങളുടെ നികുതി പണം സി.പി.എം കൊള്ളയടിക്കുന്നു: മുസ്‌ലിം ലീഗ്

  • Post category:local news
  • Reading time:1 min read
You are currently viewing പാർട്ടിക്ക് സഹകരണ ആശുപത്രി ആരംഭിക്കാൻ ജനങ്ങളുടെ നികുതി പണം സി.പി.എം കൊള്ളയടിക്കുന്നു: മുസ്‌ലിം ലീഗ്

കാസർകോട്: കാഞ്ഞങ്ങാട്ട് സി.പി.എം നിയന്ത്രണത്തിൽ ആരംഭിക്കുന്ന സഹകരണ ആശുപത്രിക്ക് വേണ്ടി ഭരണ സ്വാധീനം ഉപയോഗിച്ച് ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് അധികാര ദുർവിനിയോഗവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും പറഞ്ഞു.

സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഹകരണ ആസ്പത്രിയുടെ നിർമ്മാണത്തിനും മറ്റുമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 25 കോടി രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ അവസാന കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഇത് വരെ തുറക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

വിഷമഴയുടെ ഇരകളായ എൻഡോസൾഫാൻ ബാധിതർ ഇപ്പോഴും ദുരിതക്കയത്തിലും , ജില്ലയിലെ മെഡിക്കൽ കോളേജും സർക്കാർ ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പണമില്ലാതെ പരാധീനതയിലുമാണ്. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വത്തിൽ ആരംഭിക്കുന്ന ആശുപത്രിക്ക് ജനങ്ങളുടെ കോടി കണക്കിൽ നികുതിപ്പണം കൊള്ളയടിക്കാൻ സർക്കാർ ഉത്തരവായിരിക്കുന്നതെന്നും ഇവർ ആരോപിച്ചു.

ഭരണത്തിൻ്റെ തണലിൽ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം സി.പി.എമ്മിൻ്റെ അന്യായമായ കൊള്ളയടിയെ ലീഗ് രാഷ്ട്രിയമായും നിയമപരമായും നേരിടുമെന്നും മുസ്‌ലിം ലീഗ് നേതാക്കൾ പറഞ്ഞു.

0Shares