
പത്തനംതിട്ട; മോഷ്‌ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എ.ഐ ക്യാമറ. മോഷ്ടാവിൻ്റെ ചിത്രം സഹിതം വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റ്യൻ എന്ന ബിജു (53)വിനെ കീഴ്‌വായ്‌പൂർ പോലീസാണ് അറസ്റ്റുചെയ്‌തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം ഉള്‍പ്പടെയുള്ളവ മോഷ്ടിച്ച കേസുകളില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ചശേഷം 2023 മേയ് 25നാണ് ഇയാള്‍ മോചിതനായത്. പുറത്തിറങ്ങിയതിന് പിന്നാലെ മോഷണം പതിവാക്കുകയായിരുന്നു. 26ന് മോട്ടോര്‍ സൈക്കിളും 27ന് കാറും മോഷ്ടിച്ചു.

28ന് രാത്രിയില്‍ മല്ലപ്പള്ളി ജി.എം.എം. ആശുപത്രിയിലെ ഫാര്‍മസിസ്റ്റിൻ്റെ രണ്ടുപവൻ വരുന്ന സ്വര്‍ണമാല കവര്‍ന്നു. ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ നിന്ന് ലഭിച്ചു. അന്നുതന്നെ മല്ലപ്പള്ളി ചാലുങ്കല്‍ ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണശ്രമം നടത്തി. ഏറ്റുമാനൂരില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു. അന്ന് രാത്രി മല്ലപ്പള്ളി ടൗണിന് സമീപം ആനിക്കാട് റോഡില്‍ കെ.മാര്‍ട്ട് എന്ന കടയില്‍ നിന്ന് 31,500 രൂപയും ഒരു സ്‌കൂട്ടറും മോഷ്‌ടിച്ചു.
ഈ സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതാണ് ഇയാളെ കുടുക്കിയത്. തിരുവനന്തപുരത്ത് പാങ്ങോട് ഹെല്‍മെറ്റ് വെക്കാതെ ഇയാള്‍ ഈ സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രം സഹിതം ഉടമയുടെ ഫോണില്‍ പിഴ അടയ്ക്കാൻ അറിയിപ്പ് എത്തുകയായിരുന്നു. തുടര്‍ന്ന് വണ്ടി മോഷണം പോയ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അമ്പതിലധികം മോഷണക്കേസുകളില്‍ പ്രതിണ് ഇയാള്‍. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്നും സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്നുമാണ് പൊലീസ് പറയുന്നത്.
