
കാഞ്ഞങ്ങാട് / കാസർകോട്: കേരളത്തിലും കർണാടകത്തിലുമായി നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്‌ടാവ് അറസ്റ്റിൽ. തൃശൂർ, ആമ്പല്ലൂർ, കൊയിലിപറമ്പിൽ ഹൌസ്, റാഫേലിൻ്റെ മകൻ ഷിബു.പി.ആർ (52) ആണ് പിടിയിലായത്.
ഹൊസ്ദുർഗ് ഡി.വൈ.എസ്.പി പി.ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുപ്രസിദ്ധ മോഷ്‌ടാവിനെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്‌ത് ജയിലിൽ അടച്ചു.

കർണാടക സംസ്ഥാനത്തിൽ മോഷണ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഷിബു കഴിഞ്ഞ നവംബർ 16ന് ജയിൽ മോചിതനായി. പുറത്തിറങ്ങിയ പ്രതി വിവിധ ജില്ലകളിൽ മോഷണം നടത്തി. ഇക്കഴിഞ്ഞ ജനുവരി ആറിന് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടമത്തുള്ള ഒരു വീട്ടിൽ കൂട്ടുപ്രതിയായ ഷിബിലിഎന്നയാൾക്ക് ഒപ്പം മോഷണം നടത്തുന്നതിനിടയിൽ ഷിബിലി പോലീസിൻ്റെ പിടിയിലായി. എന്നാൽ ഷിബു സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ജില്ലാപോലീസ് മേധാവി പി.ബിജോയ് ഐ.പി.എസിൻ്റെ നിർദ്ദേശ പ്രകാരം ഷിബുവിനെ പിടികൂടാൻ ഹൊസ്ദുർഗ് ഡി.വൈ.എസ്.പി പി.ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപൻ, അബുബക്കർ കല്ലായി സിവിൽ പോലീസ് ഓഫീസർ മാരായ ജിനേഷ്, ഷജീഷ്, ശിവകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിവസങ്ങൾക്കകം തന്നെ തന്ത്രപ്രധാന നീക്കത്തിലൂടെ ഷിബുവിനെ അറസ്റ്റ് ചെയ്യുക ആയിരുന്നുവെന്ന് അന്വേഷണ സംഘം ചാനൽ ആർ.ബിയോട് പറഞ്ഞു.
ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തപ്പോൾ ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം പഴയങ്ങാടി, തലശ്ശേരി. മാഹി എന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്.
ഷിബുവിന് കർണാടകയിൽ സുള്ള്യ, ഉഡുപ്പി പോലീസ് സ്റ്റേഷനുകളിലും കേരളത്തിൽ ഹോസ്ദുർഗ്, ബേക്കൽ ചന്തേര, കണ്ണൂർ ടൗൺ, വളപട്ടണം, തളിപ്പറമ്പ്, മട്ടന്നൂർ, ധർമടം, കോഴിക്കോട് ടൗൺ, ബാലുശ്ശേരി പേരാമ്പ്ര, തൊട്ടിൽപ്പാലം, കുറ്റിയാടി, പനമരം പാലക്കാട് ടൗൺ നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകളിൽ നേരത്തെ മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
