
കാസർകോട്: നീലാകാശത്തിന് താഴെ സൂര്യകാന്തി പൂക്കൾക്കരികിൽ ഒരു കുട്ടി നിറങ്ങൾ കൊണ്ട് ജാലകങ്ങളുള്ള സ്വപ്‌നവീട് വരയ്ക്കുന്നതുപോലെ വ്യത്യസ്ഥമായൊരു സിനിമ. സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുന്ന ആശയവുമായി ‘കൂട്ടുകാരിക്ക് ഒരു വീട്’ എന്ന സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കും. ജി.ബി.ജി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ബാനറിൽ ഡോ.വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രം ഗോപി കുറ്റിക്കോലാണ് സംവിധാനം ചെയ്യുന്നത്.
“കൂട്ടുകാരിക്ക് ഒരു വീട് എന്ന പുതിയ സിനിമ താമസ യോഗ്യമായ വീട് നിർമ്മിച്ചു കൊണ്ടായിരിക്കും ചിത്രീകരണം നടക്കുക.” നാടക- സിനിമാ സംവിധായൻ ഗോപി കുറ്റിക്കോൽ ചാനൽ ആർ.ബിയോട് പറഞ്ഞു. “സിനിമ പൂർത്തിയാകുമ്പോൾ പാവപെട്ട ഒരു കുട്ടിക്ക് സുന്ദരമായൊരു വീടും നൽകും. കാസർകോട് കേന്ദ്രീകരിച്ചാണ് സിനിമയുടെ ഒരുക്കങ്ങൾ നടക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരെ ഉടൻ തീരുമാനിക്കും. വീടില്ലാത്ത ഒരു കുട്ടിയെ കണ്ടെത്താൻ അപേക്ഷ ക്ഷണിക്കും.” -അദ്ദേഹം പറഞ്ഞു.

സിനിമാ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവവമായിരിക്കും. ആയിരം കോടിയിലധികം ചെലവിൽ സിനിമ നിർമ്മിക്കുയും ബോക്‌സ് ഓഫീസിൽ അയ്യായിരം കോടിയിലധികം ലാഭം ലക്ഷ്യമിടുകയും ചെയ്യുന്ന സിനിമാ വ്യവസായത്തിനും താരരാജാക്കൻമാർക്കും കാരുണ്യ പ്രവർത്തനത്തിൻ്റെ പുതിയ പാഠമാകും ഈ സിനിമ പ്രവർത്തകർ നൽകുക.
നിരവധി കുട്ടികൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരവും നൽകും. ഓട്ടത്തിനും ചാട്ടത്തിനും സമ്മാനം കിട്ടിയില്ലെങ്കിലും ‘എടുത്ത് ചാട്ടത്തിനു’ സമ്മാനം കിട്ടിയവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കും സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടെന്ന ഉറപ്പും നൽകുന്നുണ്ട്. ഏഴിനും പ്ലസ് ടുവിനും ഇടയിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഓഡിഷന് ക്ഷണിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക്: 9072753282
