
ബംഗളുരു: കർണ്ണാടകയെ ഒന്നടങ്കം ദുഃഖത്തിലാക്കി വൻ റോഡപകടം. കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുവീണാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 6 പേർ തൽക്ഷണം മരണപെട്ടു. ബെംഗ്ളൂരുവിലെ നെലമംഗലയിലാണ് അപകടം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാൻ വിജയപുരയിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വോൾവോ കമ്പനിയുടെ ആഡംബര കാർ ചതഞ്ഞു അമർന്നു. ലോറിക്കടിയിലായതിനാൽ കാറിനകത്തുള്ളവരെ രക്ഷാപ്രവർത്തകർക്ക് ഉടൻ രക്ഷിക്കാനായില്ല. കണ്ടെയ്നർ ലോറി ക്രൈനിൻ്റെ സഹായത്തോടെ ഉയർത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം പോലും ആരംഭിക്കാനായത്.
