Categories
ലോകത്തിലെ രണ്ട് പ്രബല രാജ്യങ്ങള്‍ മുഖാമുഖം വരുന്നു; മൂന്നാം ലോകമഹാ യുദ്ധത്തിന് കാഹളമോ?
റഷ്യ യുക്രെയിന്‍ യുദ്ധത്തിലും ചൈനീസ് ഇടപെടലുകള്‍ ശ്രദ്ധേയമാണ്
Trending News





തായ്‌വാന് പ്രസിഡണ്ട് സായ് ഇങ്ങ് ബന്നിൻ്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ, യുദ്ധസമാനമായ സൈനികാഭ്യാസങ്ങളാണ് ചൈന തായ്‌വാന്‍ കടലിടുക്കില്‍ നടത്തിയത്. മൂന്നുദിവസം നീണ്ടുനിന്ന ശക്തിപ്രകടനത്തില്‍ 71 യുദ്ധ വിമാനങ്ങളും 12 യുദ്ധക്കപ്പലുകളുമാണ് ചൈന അണിനിരത്തിയത്. നിരവധി പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി തായ്‌വാന്‍ ആരോപിക്കുന്നു. ഏറ്റുമുട്ടലിന് സജ്ജമാണെന്ന് ചൈനീസ് സേനയുടെ പ്രതികരണവും പുറത്തുവന്നു.
Also Read
ഇതേസമയം തന്നെയാണ് തായ്‌വാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ്. മിലിയസ് ദക്ഷിണ ചൈനാ കടലില്‍ നിലയുറപ്പിച്ചത്. ഇതിനെ കഠിനഭാഷയില്‍ ബീജിംഗ് അപലപിച്ചു. ലോകത്തിലെ രണ്ട് പ്രബലരാജ്യങ്ങള്‍ മുഖാമുഖം വരുന്നതിനെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

മറ്റൊരു യുദ്ധത്തിന് കൂടി ലോകം സാക്ഷിയാകുമോ അതിനുമപ്പുറം അമേരിക്കയും യൂറോപ്പും ഒരു ഭാഗത്തും ചൈനയും റഷ്യയും മറുഭാഗത്തും അണിനിരക്കുന്ന മൂന്നാം ലോകമഹാ യുദ്ധത്തിനുള്ള നാന്ദിയോ?
ചൈനീസ് നയങ്ങള്‍
ചൈനയെ സംബന്ധിച്ച് രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് തായ്‌വാന്‍ . സൈനികമായ ഒരു ആക്രമണത്തിനും കീഴടക്കലിനുമല്ല ചൈന ഇതുവരെ ശ്രമിച്ചിട്ടുള്ളത്. സൈനികമായി ചൈനയ്ക്കു ഒരു ഇരയേ അല്ല തായ്‌വാന്‍.
2023 ലെ സൈനിക ബഡ്ജറ്റ് എടുത്താല്‍ തായ്‌വാൻ്റെത് 19 ബില്യന്‍ അമേരിക്കന്‍ ഡോളറിൻ്റെതാണ്. ചൈനയുടേത് അതിൻ്റെ 12 ഇരട്ടിയോളം വരും.
തായ്‌വാനെ നേരിട്ട് ആക്രമിക്കാതെ സമ്മര്‍ദ്ദത്താല്‍ കൂട്ടിച്ചേര്‍ക്കാനാണ് ചൈനീസ് ഭരണകൂടം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമാണ് തുടരെത്തുടരെയുള്ള വ്യോമ- നാവിക- സൈനിക അഭ്യാസങ്ങളും ഭീഷണികളും. ദിവസവും ആയിരക്കണക്കിന് സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടാകുന്നതെന്നാണ് തായ്‌വാൻ്റെ ആരോപണം. ടൂറിസം ഒരു പ്രധാന വരുമാനമാര്‍ഗമായ തായ്‌വാനിലെ അന്താരാഷ്ട്ര ടൂര്‍, ഹോട്ടല്‍, എയര്‍ലൈന്‍ കമ്പനികളുടെ മേല്‍ ചൈനയുടെ ഭാഗമായി ചിത്രീകരിക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ നിരവധിയാണ്.
തായ്‌വാനുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കു മേലും ചൈനീസ് ഇടപെടലുകള്‍ ശക്തമാണ്. തായ്‌വാനിലെ ആഭ്യന്തര തിരഞ്ഞെടുപ്പുകളില്‍ മീഡിയ , സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകളില്‍ വലിയ രീതിയില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ തകര്‍ക്കാനുള്ള നിരവധി ശ്രമങ്ങളും ഉണ്ടായതായി തായ്‌വാന്‍ ആരോപിക്കുന്നു. തായ്‌വാൻ്റെ മുഖ്യ കച്ചവടപങ്കാളി ചൈനയാണ്. പലപ്പോഴും കമ്പനികളുടെ ഇറക്കുമതി നിരോധിച്ചിട്ടും തായ്‌വാനിലേക്കുള്ള പല വസ്തുക്കളുടെ കയറ്റുമതി തടഞ്ഞും സാമ്പത്തികമായും വരിഞ്ഞു മുറുക്കാറുമുണ്ട്.
അമേരിക്കന്‍ താത്പര്യങ്ങള്‍
1979 ല്‍ പീപ്പിള്‍സ് റിപ്പബ്ളിക് ഒഫ് ചൈനയുമായി ബന്ധം സ്ഥാപിച്ചത് മുതല്‍ അമേരിക്ക നയതന്ത്ര തലത്തില്‍ തായ്‌വാനെ ചൈനയുടെ ഭാഗമായാണ് ഔദ്യോഗികമായി അടയാളപ്പെടുത്തുന്നത്. എന്നാല്‍ അനൗദ്യോഗികമായി വന്‍ രീതിയിലുള്ള ആയുധ ഇടപാടുകളാണ് തായ്‌വാനുമായി അമേരിക്കയ്ക്കുള്ളത്. ആയുധ കച്ചവടത്തിനപ്പുറം മേഖലയിലെ അമേരിക്കയുടെ മുഖ്യകണ്ണിയാണ് തായ്‌വാന്‍. അതുകൊണ്ടു തന്നെ തായ്‌വാൻ്റെ താത്പര്യങ്ങള്‍ അമേരിക്കയുടേത് കൂടിയാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായതു മുതലാണ് നേരിട്ടുള്ള നേതാക്കളുടെ സന്ദര്‍ശനങ്ങളിലും ആയുധ കയറ്റുമതിയിലും വന്‍ വര്‍ദ്ധനവുണ്ടായത്. അമേരിക്കയുടെ പ്രഖ്യാപിത നയം ‘ഒരു ചൈന’ എന്നതാണെങ്കിലും തായ്‌വാനെ സൈനികമായി ആക്രമിച്ചാല്‍ അമേരിക്ക തായ്‌വാനെ സഹായിക്കുമെന്ന് പ്രസിഡണ്ടായ ജോ ബൈഡന്‍ തന്നെ പലതവണ വ്യക്തമാക്കിയതാണ്. അതിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ അമേരിക്കന്‍ സേനാ വിന്യാസം.
2022 ആഗസ്റ്റില്‍ അമേരിക്കന്‍ സ്പീക്കറായ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചപ്പോഴും സമാന യുദ്ധസാഹചര്യം ഉരുത്തിരിഞ്ഞ് വന്നിരുന്നു.
ചൈനയെ സംബന്ധിച്ച് ഒരു മാറ്റത്തിൻ്റെ കാലഘട്ടത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. രാജ്യത്തിൻ്റെ വികസനത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന താത്പര്യങ്ങള്‍ ഇന്ന് നിരവധി ലോക പ്രശ്നങ്ങളിലേക്ക് ഇടപെടുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അമേരിക്കയ്ക്ക് ഈയിടെയുണ്ടായ തിരിച്ചടികളും ചേര്‍ത്ത് വായിക്കേണ്ടതാണ്. വര്‍ഷങ്ങളായുള്ള സൗദി അറേബ്യ- ഇറാന്‍ തര്‍ക്കത്തില്‍ മദ്ധ്യസ്ഥന്‍ ഇന്ന് ചൈനയാണ്.
റഷ്യ യുക്രെയിന്‍ യുദ്ധത്തിലും ചൈനീസ് ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ചൈനീസ് നിക്ഷേപങ്ങള്‍ ആഫ്രിക്കയില്‍വരെ എത്തിക്കഴിഞ്ഞു. ലോകത്തെ നയിക്കാന്‍ ചൈന കൊതിക്കുമ്ബോള്‍ ഒരു കരടായി തായ്‌വാനെ അധികകാലം നിറുത്താന്‍ ചൈന ഇഷ്ടപ്പെടില്ല. രണ്ടാമതായി യുക്രെയിന്‍ യുദ്ധം ചൈനയ്ക്കു നല്‍കുന്ന പാഠങ്ങള്‍ നിരവധിയാണ്. വന്‍ ശക്തികള്‍ നടക്കുന്ന അധിനിവേശങ്ങള്‍ ലോകക്രമമായി മാറുന്ന കാഴ്‌ചയ്ക്ക് ഒപ്പം തന്നെ റഷ്യ ഇന്നെത്തി നില്‍ക്കുന്ന നിസഹായാവസ്ഥയും തീര്‍ച്ചയായും ചൈനയെ സ്വാധീനിക്കും.
ലോകത്തെ സംബന്ധിച്ച് യുക്രെയിന്‍ യുദ്ധത്തിൻ്റെ കെടുതികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന പെട്രോളിയം, ഗ്യാസ് വിലകള്‍, വിലക്കയറ്റം ഇത്തരത്തില്‍ പൊറുതിമുട്ടിയ ജനതയ്ക്ക് ഇനിയൊരു യുദ്ധം താങ്ങാനാവില്ല. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ഉത്പാദനത്തില്‍ ലോകത്തില്‍ പ്രഥമസ്ഥാനം കൈയാളുന്ന രാജ്യമാണ് തായ്‌വാന്‍. ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, വാഹനങ്ങള്‍, കമ്പ്യുട്ടറുകള്‍ തുടങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. ഇവയുടെ ഉത്പാദനം നിലച്ചാല്‍ അത് ആഗോള സമ്പദ് വ്യവസ്ഥയെ അനിശ്ചിതത്വത്തിലാക്കും.
ഇന്ത്യയുടെ നിലപാട്
ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ദക്ഷിണ ചൈന സമുദ്രത്തില്‍ ചൈനീസ് ആധിപത്യ ശ്രമങ്ങള്‍ തടയാനായി അമേരിക്ക മുന്‍കൈയെടുത്തുണ്ടാക്കിയ ക്വാഡ് സഖ്യത്തിൻ്റെ ഭാഗമാണ് നാം. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ തുടര്‍ന്നുവരുന്നു. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈനീസ് നാമകരണവും അമിത് ഷായുടെ സന്ദര്‍ശനവും തുടര്‍ന്നുവരുന്ന ചൈനീസ് ഭീഷണിയും, വളര്‍ന്നുവരുന്ന പാകിസ്ഥാന്‍ ചൈന ബന്ധവും ഒക്കെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വേളയില്‍ ഇന്ത്യയെ സംബന്ധിച്ച് യുക്രെയിന്‍ വിഷയത്തില്‍ എടുത്തതു പോലുള്ള ഒരുതരം ചേരിചേരാ നിലപാട് സാദ്ധ്യമല്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആയുധ പ്രകടനങ്ങള്‍ നേരിട്ടുള്ള ഒരു ലോക യുദ്ധത്തിലേക്ക് നയിക്കാനുള്ള സാദ്ധ്യതകള്‍ കുറവാണ്.
ചൈനീസ് ഭരണകൂടം ലക്ഷ്യം വയ്ക്കുന്ന വിശാല ചൈനീസ് സാമ്രാജ്യത്തിൻ്റെ ഭാഗമായി ഇന്നല്ലെങ്കില്‍ നാളെ ചേരേണ്ട പ്രദേശമായിട്ടു തന്നെയാണ് ചൈന തായ്‌വാനെ കാണുന്നത്. 2049 ല്‍ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചതിൻ്റെ നൂറാം വാര്‍ഷികത്തിനു മുമ്പായി ഇത് സാദ്ധ്യമാക്കാമെന്ന നിരീക്ഷണങ്ങള്‍ പ്രബലമാണ്. അത് എന്ന് സംഭവിക്കും എന്നതിനെയും അതിനോട് അമേരിക്ക അടക്കമുള്ളവര്‍ എങ്ങനെ പ്രതികരിക്കും എന്നതിനെയും ആശ്രയിച്ചായിരിക്കും ലോകത്തിൻ്റെ ഭാവി.
Courtesy: Kerala Kaumadi Malayalam

Sorry, there was a YouTube error.