ഗതാഗത മന്ത്രിയുടെ നിലപാട് തള്ളി എൽ.ഡി.എഫ് കൺവീനർ കൂടിയായ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌; ആരെങ്കിലും നാളെ കെ.എസ്.ആ‌ർ.ടി.സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്ന് വെല്ലുവിളി; ദേശിയ പണിമുടക്ക് പൂർണ്ണ ബന്ദിലേക്ക്.?

You are currently viewing ഗതാഗത മന്ത്രിയുടെ നിലപാട് തള്ളി എൽ.ഡി.എഫ് കൺവീനർ കൂടിയായ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌; ആരെങ്കിലും നാളെ കെ.എസ്.ആ‌ർ.ടി.സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്ന് വെല്ലുവിളി; ദേശിയ പണിമുടക്ക് പൂർണ്ണ ബന്ദിലേക്ക്.?

തിരുവനന്തപുരം: നാളെ ജൂലൈ 9 ബുധനാഴ്ച്ച ദേശിയ പണിമുടക്ക്. ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണമായിരുന്നു. പൊതുജനം ബുദ്ധിമുട്ടി. പല ഇടത്തും യാത്രക്കാർ വലഞ്ഞു. നാളെ ദേശിയ പണിമുടക്കും പൂർണ്ണ ബന്ദിലേക്ക് മാറാനാണ് സാധ്യത. കെ എസ് ആ‌ർ ടി സിയുടെയും സർവീസ് മുടങ്ങിയേക്കും. കെ എസ് ആ‌ർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിൻ്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത് വന്നു. കെ എസ് ആ‌ർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെ എസ് ആ‌ർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആ‌ർ ടി സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും ടി പി വെല്ലുവിളിച്ചു. തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ ഓർമ്മിപ്പിച്ചു. കെ എസ് ആ‌ർ ടി സി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആ‌ർ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി.പി രാമകൃഷ്ണൻ അഭ്യർഥിച്ചു. നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആ‌ർ ടി സി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആ‌ർ ടി സി ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് എതിരായാണ് ടിപി യുടെ നിലപാട്.

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ പറഞ്ഞു.
തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച് എം എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ അണിനിരക്കുമ്പോൾ കേരളത്തിൽ നാളെ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും. കടകളടച്ചും, യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന്സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ബസ് ഓട്ടോ ടാക്സി സർവീസുകളും പേരിന് മാത്രമാകും.

0Shares