
കാസർകോട്: സംയുക്ത ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും രാജ്യവ്യാപകമായി ആഹ്വനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയിലും പൂർണ്ണം. തൊഴിലാളികളുടെ മൗലികമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡുകൾക്കെതിരെയാണ് ബി.എം.എസ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും രാജ്യവ്യാപകമായി പൊതുപണിമുടക്കിന് ആഹ്വനം ചെയ്തത്. പണിമുടക്കിൽ കാസർകോട് ജില്ലയിലെ നഗരങ്ങൾ പൂർണ്ണമായും സ്തംഭിച്ചു. എന്നാൽ ഗ്രാമങ്ങളിൽ വാഹന ഗതാഗതം ഒഴികെ മറ്റുള്ളവക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. കുറെ ഏറെ ഗ്രാമങ്ങളിൽ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിച്ചു. എന്നാൽ ബസ് സർവീസ് ഇല്ലാതിരുന്നതിനാൽ ജന തിരക്ക് കുറവായിരുന്നു.
കുറെ ഏറെ സ്ഥലങ്ങളിലും ചെറിയ നഗരങ്ങളിൽ ഉച്ചക്ക് ശേഷം കടകൾ തുറന്നു. രാത്രി ആയതോടെ ജനജീവിതം സാധാരണ നിലയിലായി. ബുധനാഴ്ച അർദ്ധരാത്രിയോടെ തുടങ്ങിയ 24 മണിക്കൂർ പണിമുടക്ക് വ്യാഴാഴ്ച (2026 ഫെബ്രുവരി 12) അർദ്ധരാത്രി വരെ തുടരും. കേരള–കർണാടക KSRTC യോ സ്വകാര്യ ബസുകളോ സർവീസ് നടത്തിയില്ല. ഓട്ടോ–ടാക്സി തൊഴിലാളികൾ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് സർവീസ് നിർത്തിവെച്ചു. ഇത് നഗരങ്ങളിൽ ജനജീവിതത്തെ ബാധിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായി. റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ കാണാമായിരുന്നു. പണിമുടക്കിന് പിന്തുണയുമായി കാസറഗോഡ് നഗരത്തിൽ ബി.എം.എസ് ഒഴികെയുള്ള എല്ലാ പ്രമുഖ തൊഴിലാളി സംഘടനകളും പ്രകടനം നടത്തി.
