പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം സി.പി.എം അറിയാതെയെന്ന് എം.വി ഗോവിന്ദൻ; എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്ന് സെക്രട്ടറി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം സി.പി.എം അറിയാതെയെന്ന് എം.വി ഗോവിന്ദൻ; എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്ന് സെക്രട്ടറി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനത്തിൽ സി.പി.എമ്മിനുള്ളിൽ പുതിയ വിവാദം. തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുറന്നുപറഞ്ഞു. ”ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഒത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും”- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഭരണമുന്നണിയിലെ യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എ.ഐ.വൈ.എഫും ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയതോടെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഒക്ടോബർ 29-ലെ ഉത്തരവ് മരവിപ്പിച്ചു.

പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ ആണ് ഇത്തരമൊരു നിർണായകവും നയപരവുമായ വിഷയത്തിൽ ധനവകുപ്പ് ഉത്തരവിറക്കിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ തികച്ചും അസാധാരണമാണ്. പുതിയ സംസ്ഥാന സെക്രട്ടറിയുടെ കീഴിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിൻ്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

“തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ യുവജന സംഘടനകൾ ഇതിനെ എതിർത്തു. അവരുടെ എതിർപ്പ് തെറ്റെന്ന് പറയാനാവില്ല ” എം.വി ഗോവിന്ദൻ പറഞ്ഞു. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടു തന്നെയാണ് അതു പിന്‍വലിക്കേണ്ടി വന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്നു തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

0Shares