
കണ്ണൂർ: സി.പി.എം പ്രവർത്തകൻ തലായി ലതേഷ് വധക്കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1,40,000/- (ഒരു ലക്ഷത്തി നാൽപതിനായിരം രൂപ) പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.
2008 ഡിസംബർ 31നാണ് സി.പി.എം പ്രവർത്തകനായ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ പിന്തുടർന്ന് ക്രൂരമായി വെട്ടുകയായിരുന്നു.
ക്രൂര ആക്രമണത്തിന് ഇരയായ ലതേഷ് ജീവൻ രക്ഷാർത്ഥം സുഹൃത്തിന്‍റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പ്രതികൾ വെറുതെ വിട്ടില്ല. കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ലതേഷിന്‍റെ സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
